പണ്ഡ്യയുടെ ഭാവി ??
ഹാർദ്ദിക് പണ്ഡ്യയുടെ ഭാവി എന്തായിരിക്കും എന്ന് പലപ്പോഴും കൗതുകത്തോടെ സങ്കൽപ്പിച്ചുനോക്കാറുണ്ട്.പണ്ഡ്യയ്ക്ക് വളരെ മികച്ച ഒരു കരിയറുണ്ടാവുമെന്ന് ഒരു വിഭാഗം കരുതുന്നു.വിദേശത്തെ പിച്ചുകളിൽ നല്ല ഫാസ്റ്റ് ബൗളിങ്ങ് നേരിടേണ്ടി വരുമ്പോൾ പണ്ഡ്യ പരാജയങ്ങളിലേക്ക് കൂപ്പുകുത്തുമെന്നും ടീമിൽ നിന്ന് പുറത്താകുമെന്നും മറുഭാഗം വാദിക്കുന്നു.ഇതിലേതു സംഭവിക്കും എന്നതിന് കാലമാണ് മറുപടി തരേണ്ടത്.എങ്കിലും ചില തോന്നലുകൾ ഇവിടെ എഴുതുന്നു.രഹാനെയെപ്പോലെയോ വിരാടിനെപ്പോലെയോ ടെക്നിക്കലി സൗണ്ട് ആയ ഒരു ബാറ്റ്സ്മാനല്ല പണ്ഡ്യ.സ്പിന്നർമാർക്കെതിരെ പുലർത്തുന്ന ആധിപത്യം പേസർമാർക്കെതിരെ നിലനിർത്താൻ അയാൾക്ക് സാധിക്കാറില്ല.അതുകൊണ്ടു തന്നെ ബൗൺസും മൂവ്മെൻ്റുമുള്ള പ്രതലങ്ങളിൽ പണ്ഡ്യ പരാജയപ്പെട്ടേക്കാം എന്നത് ഒരു സാദ്ധ്യത തന്നെയാണ്.പക്ഷേ പലപ്പോഴും താനൊരു ദീർഘകാല നിക്ഷേപമാണെന്ന സൂചനകൾ പണ്ഡ്യ തരുന്നു.ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ അയാൾ കളിച്ച ഒരു ഷോട്ട് നോക്കുക.ഒാഫ്സ്റ്റമ്പിനു പുറത്തെ പ്രദീപിൻ്റെ പന്ത് പോയൻ്റിനു മുകളിലൂടെ സിക്സറടിച്ചു.അത്തരം ഷോട്ടുകൾക്ക് ബുദ്ധിപൂർവ്വം ചിന്തിക്കുന്ന ഒരു മനസ്സും നല്ല വൈഭവവും ആവശ്യമാണ്.കണ്ണും പൂട്ടി അടിക്കുന്ന പിഞ്ച് ഹിറ്ററുടെ സവിശേഷതകളല്ല പലപ്പോഴും പണ്ഡ്യയിൽ കാണുന്നത്.അയാളുടെ കരിയർ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരുടെ കണ്ണുകളിൽ ഇതുപോലെ പലതും പെട്ടിട്ടുണ്ടാവും.പണ്ഡ്യയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തി മഹേന്ദ്രസിംഗ് ധോനിയാണ്.കരിയറിൻ്റെ ആരംഭകാലത്ത് ധോനിയ്ക്കുണ്ടായിരുന്നത് ഇപ്പോൾ പണ്ഡ്യയ്ക്കുള്ള അതേ പ്രതിച്ഛായയാണ്.എന്നിട്ട് ധോനിയെന്ന ബാറ്റ്സ്മാൻ ഇന്നെവിടെ നിൽക്കുന്നു എന്ന് നോക്കുക! ടെക്നിക്കിനേക്കാൾ വലുതാണ് മനഃസ്സാന്നിദ്ധ്യം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ധോനിയുടെ കരിയർ.പണ്ഡ്യയും മെൻ്റലി ടഫ് ആണെന്ന് തോന്നിപ്പിക്കുന്നു.അതുകൊണ്ടു തന്നെ ബറോഡ ഒാൾറൗണ്ടർ ഉയരങ്ങൾ കീഴടക്കുമെന്ന് കരുതാം.
നിങ്ങൾക്കെന്തു തോന്നുന്നു?
No comments: