നജഫ്ഗഡിൻ്റെ നവാബ്..വീരു ഫാന്‍സ് എന്തായാലും വായിക്കണം ..
എഴുതിയത് : സന്ദീപ് ദാസ്
ക്രിക്കറ്റ് ആരാധകരെയും വിദഗ്ദരെയും മുന്‍ താരങ്ങളെയുമെല്ലാം ഒരുപോലെ വിസ്മയിപ്പിച്ച ഒരാളാണ് വീരേന്ദർ സെവാഗ്.അയാള്‍ക്ക് സാങ്കേതികമായി ഏറെ പോരായ്മകളുണ്ടെന്നും ഒന്നോ രണ്ടോ വര്‍ഷത്തിനപ്പുറം അന്താരാരാഷ്ട്ര ക്രിക്കറ്റില്‍ അതിജീവിക്കില്ല എന്നും പ്രവചിച്ചവരുണ്ട്.അവരോടെല്ലാം വീരു പറഞ്ഞു-''എൻ്റെ ബാറ്റിംഗ് തിയറി വളരെ ലളിതമാണ്.പന്തു കാണുക ; അടിച്ചകറ്റുക. ''ആ ലളിതമായ തിയറി കൊണ്ട് വീരു റണ്‍മഴ പെയ്യിച്ചു !ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രകള്‍ ഇന്ത്യന്‍ ടീമിന് എക്കാലത്തും ദുഷ്കരമാണ്.2001ല്‍ ബ്ലുംഫൊണ്ടെയ്നില്‍ ഷോണ്‍ പോളക്കിനും സംഘത്തിനുമെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു.സച്ചിന്‍ തെണ്ടുല്‍ക്കറെ ബൗണ്‍സറുകള്‍ കൊണ്ട് പരീക്ഷിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കക്കാർ.അവയില്‍ പലതും തേഡ്മാന്‍ ബൗണ്ടറിയിലേക്ക് പറന്നു.സച്ചിൻ്റെ അപ്പര്‍കട്ടുകള്‍ക്ക് സാക്ഷിയായി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ അരങ്ങേറ്റക്കാരനായ ഒരു ബാറ്റ്സ്മാന്‍ നില്‍പ്പുണ്ടായിരുന്നു.സച്ചിന്‍ കാരണം കളിച്ചുതുടങ്ങിയ,ഷോട്ടുകളിലും വേഷവിധാനങ്ങളിലും പോലും സച്ചിനെ അനുകരിക്കുന്ന ഒരു പയ്യന്‍.പില്‍ക്കാലത്ത് നജഫ്ഗഡിൻ്റെ നവാബ് എന്നറിയപ്പെട്ട വീരേന്ദര്‍ സെവാഗ് ! സച്ചിനെപ്പോലെ അപ്പര്‍കട്ടുകള്‍ കളിച്ച് അന്ന് സെവാഗും സെഞ്ച്വറി നേടി.സച്ചിന് പരിചയസമ്പത്ത് വേണ്ടുവോളം ഉണ്ടായിരുന്നു.എന്നാൽ അരങ്ങേറ്റക്കാരനായ വീരു ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടിലെ വേഗമേറിയ പിച്ചില്‍ അനായാസം കളിച്ചു എന്നത് അവിശ്വസനീയമായിരുന്നു.കമന്‍റേറ്റര്‍മാർ വീരുവിൻ്റെ ഫുട് വർക്കിനെ പഴിച്ച് നേരം കളഞ്ഞപ്പോള്‍ അയാള്‍ സാങ്കേതികത്തികവുള്ളവര് പോലും പരാജയപ്പെടുന്ന ഇംഗ്ലണ്ടിലും ഒാസ്ട്രേലിയയിലും സെഞ്ച്വറികള്‍ നേടി !!! 2002-ല്‍ ശ്രീലങ്കയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സംയുക്തജേതാക്കളായപ്പോൾ വീരുവിൻ്റെ ബാറ്റാണ് അതിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്.ബൗളര്‍മാരെ നിര്‍ദ്ദയം പ്രഹരിച്ചൊതുക്കുന്ന സെവാഗിനെ ലോകം സച്ചിൻ്റെ അപരനെന്ന് വിളിച്ചു.ഒടുവില്‍ സെവാഗിനു വേണ്ടി ഒാപ്പണിംഗ് സ്ഥാനം ഒഴിഞ്ഞുകൊടുക്കാനും സച്ചിന്‍ തയ്യാറായി.ഒരിക്കല്‍ കോച്ച് ജോണ്‍ റൈറ്റ് വീരുവിനോട് പറഞ്ഞു-''നീ ആരാധിക്കുന്നത് സച്ചിനെയല്ലേ? എങ്കില്‍ നന്നായി കളിക്കണം.നീ മികച്ച സ്കോര്‍ നേടിയില്ലെങ്കില്‍ സച്ചിന് നിരാശ തോന്നും.''2003 ലോകകപ്പില്‍ സച്ചിന്‍-സെവാഗ് ഒാപ്പണിംഗ് ജോഡിയ്ക്കുവേണ്ടി നായകന്‍ ഗാംഗുലി മദ്ധ്യനിരയില്‍ ബാറ്റ്ചെയ്യാന്‍ സമ്മതിച്ചു.നിരവധി മികച്ച ഒാപ്പണിംഗ് കൂട്ടുകെട്ടുകള്‍ കണ്ടു ആ ടൂര്‍ണ്ണമെന്‍റില്‍.വിശേഷിച്ചും ജൊഹാനസ്ബര്‍ഗില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 153 റണ്ണുകള്‍.സാധാരണ ഇന്നിങ്സിൻ്റെ ആദ്യ പന്ത് നേരിടുന്നത് വീരുവായിരിക്കും.പക്ഷേ പാകിസ്ഥാനെതിരെ സച്ചിനാണ് ആദ്യ സ്ട്രൈക്ക് എടുത്തത്.വസീം അക്രം എന്ന മഹാനായ ബൗളറുടെ മുമ്പിലേക്ക് അന്ന് തുടക്കക്കാരനായിരുന്ന സെവാഗിനെ ആദ്യമേ പറഞ്ഞുവിടേണ്ട എന്ന് കരുതിയാണെത്രേ സച്ചിന്‍ അങ്ങനെ ചെയ്തത് !സച്ചിൻ്റെ ഈ പരിഗണന ടീമിലെത്തുന്ന ഏതു യുവതാരമാണ് കൊതിക്കാത്തത് !?ഒാർമ്മയില്ലേ ലോകകപ്പ് ഫൈനല്‍? ആദ്യം ബാറ്റ് ചെയ്ത് ഒാസീസ് 359 റണ്‍സ് നേടിയപ്പോള്‍ തന്നെ കളി കൈവിട്ടു എന്ന് ഇന്ത്യക്കാര്‍ ഉറപ്പിച്ചിരുന്നു.പക്ഷേ വീരു ആ കൂട്ടത്തില്‍ പെട്ടിരുന്നില്ല.നിർഭയം അയാള്‍ ബാറ്റു വീശി.മഗ്രാത്തും ലീയും ഒന്നും അയാള്‍ക്ക് വിഷയമായില്ല. കഷ്ടകാലത്തിന് വീരു റണ്ണൗട്ടായില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ലോകകപ്പ് ചരിത്രം തന്നെ മാറിപ്പോവുമായിരുന്നു.2004ല്‍ ഇന്ത്യ പാകിസ്ഥാന്‍ പര്യടനത്തിനു പോവുമ്പോള്‍ പാക് സ്പിന്നര്‍ സഖ്ലൈന്‍ മുഷ്താഖ് ഒരു വീരവാദം മുഴക്കി-''ഞാന്‍ കണ്ടെത്തിയ തീസരയ്ക്കു മുമ്പില്‍ ഇന്ത്യക്കാര്‍ വിയര്‍ക്കും''എന്നിട്ട് എന്താണ് സംഭവിച്ചത് ? വീരു മുള്‍ട്ടാനില്‍ സുല്‍ത്താനായി ! ആദ്യമായി ഒരു ഇന്ത്യക്കാരന് ട്രിപ്പിള്‍ സെഞ്ച്വറി,ഇന്ത്യയ്ക്ക് പാക് മണ്ണില്‍ ആദ്യ ടെസ്റ്റ് ജയം ! സഖ്ലെയിൻ്റെ പന്തുകള്‍ മാത്രമല്ല,കരിയറും സ്റ്റേഡിയത്തിനപ്പുറത്തേക്ക് പറന്നു ! സിക്സർ പറത്തിയാണ് വീരു ട്രിപ്പിൾ തികച്ചതും ! വലിയൊരു നേട്ടത്തിനരികിൽ നിൽക്കുമ്പോഴും റിസ്ക് എടുക്കാൻ അയാൾ മടിച്ചില്ല !! പിന്നീട് ഇന്ത്യയിലും പാകിസ്ഥാനിലും വീരു ചിരവൈരികള്‍ക്കെതിരെ സെഞ്ച്വറികള്‍ നേടി.നല്ല കാലം കഴിഞ്ഞു എന്ന് പറഞ്ഞ് വീരുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്.തിരിച്ചു വരവിൽ ഒാസ്ട്രേലിയയില്‍ സെഞ്ച്വറിയടിച്ചാണ് വീരു അവരുടെ വായടപ്പിച്ചത്.പിന്നാലെ രണ്ടാമത്തെ ട്രിപ്പിളും വന്നു.നേപ്പിയറില്‍ കിവീസിനെതിരെ സെവാഗ് ഒരു ഇന്ത്യക്കാരൻ്റെ വേഗമേറിയ ഏകദിനസെഞ്ച്വറി നേടി.ഇന്ത്യ പരമ്പര ജയിച്ചു.ന്യൂസിലന്റില്‍ ഇന്ത്യ ജയിച്ച ആദ്യത്തെ ഏകദിനപരമ്പരയായിരുന്നു അതെന്നറിയുമ്പോഴാണ് വീരുവിൻ്റെ ശതകത്തിൻ്റെ മൂല്യം അറിയുക.!!!2011 ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരം കളിക്കാന്‍ മിര്‍പ്പൂരിൽ എത്തിയപ്പോൾ ഭാരതീയരുടെ മനസ്സുകള്‍ നീറിപ്പുകയുകയായിരുന്നു.2007ല്‍ ബംഗ്ലാദേശിനോടേറ്റ നാണക്കേടിന് പകരം ചോദിക്കേണ്ട ചുമതല വീരു ഏറ്റെടുത്തു.ബംഗ്ലാദേശികളെ അവരുടെ നാട്ടുകാരുടെ മുന്നിലിട്ട് വീരു തലങ്ങും വിലങ്ങും തല്ലിച്ചതച്ചു.ആ മത്സരത്തിൽ നന്നായി കളിച്ചുവന്ന സച്ചിന്‍ വീരുവുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി.കാണികളുടെ കാതടപ്പിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ തീര്‍ത്തും നിരാശനായി സച്ചിന്‍ നടന്നകന്നു.പിന്നീടുള്ള മണിക്കൂറുകളില്‍ ബംഗ്ലാദേശിനെ പിച്ചിച്ചീന്തി വീരു ഇന്ത്യയെ ജയിപ്പിച്ചു.കളി കഴിഞ്ഞ് വീരു പറഞ്ഞു-''എന്‍െറ പിഴവുമൂലമാണ് സച്ചിന്‍ പുറത്തായത്.പിന്നീട് ഡ്രസ്സിംഗ് റൂമില്‍ വെച്ച് സച്ചിനോടിത് പറഞ്ഞപ്പോള്‍ വ്യക്തിഗത സ്കോറിനേക്കാള്‍ പ്രാധാന്യം ടീമിന്‍െറ വിജയത്തിനാണെന്ന് സച്ചിന്‍ പറഞ്ഞു.ഇതോടെ ആശ്വാസമായി''.ഏകദിനക്രിക്കറ്റിലെ പ്രഥമ ഇരട്ടസെഞ്ച്വറി നേടിയപ്പോള്‍ സച്ചിന്‍ ഒരു കാര്യം പറഞ്ഞിരുന്നു-''എന്റെ റെക്കോര്‍ഡ് ഭേദിക്കുന്നത് ഒരു ഭാരതീയനാവണമെന്ന് ആഗ്രഹമുണ്ട്''.ആരെയാണ് സച്ചിന്‍ ഉദ്ദ്യേശിച്ചതെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാമായിരുന്നു.സച്ചിന്‍ പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവുമോ വീരുവിന്? ഇന്‍ഡോറില്‍ വിന്‍ഡീസിനെതിരെ ഏകദിനത്തിലെ രണ്ടാം ഡബിള്‍ സെഞ്ച്വറി വീരു നേടി.നമ്മളെ ഇത്രയേറെ ആനന്ദിപ്പിച്ച ഒരു താരത്തിന് നല്ലൊരു വിടവാങ്ങൽ ലഭിച്ചില്ല എന്നത് ഒരു വേദനയായി എന്നും ഉള്ളിൽ അവശേഷിക്കും.ഇന്ന് വീരു കമൻ്റേറ്ററാണ്.കളി പോലെ തന്നെയാണ് വീരുവിൻ്റെ കളിപറച്ചിലും.ആരെയും കൂസാത്ത,കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ശൈലി.സെവാഗിനു തുല്യം സെവാഗ് മാത്രം.....
No comments: