Breaking

ഇന്ത്യന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞു വീഴ്ത്തിയ താരം ചില്ലറക്കാരനല്ല.ലുംഗി എങ്കിടി

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലുംഗി എങ്കിടി അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തെ കുറിച്ചാണ്. അസാമാന്യമായ ഉയരമുള്ള താരത്തിന്റെ വേഗതയേറിയ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.287 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യ വെറും 151 റണ്‍സിനാണ് പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ 39 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ നേടിയ എങ്കിടി ടെസ്റ്റ് അരങ്ങറ്റത്തില്‍ തന്നെ കളിയിലെ താരവുമായി. പരുക്കേറ്റ ഡെയ്ല്‍ സ്റ്റെയിന് പകരക്കാരനായി ടീമിലെത്തിയ ഈ 21കാരന്‍ ഇതാദ്യമായല്ല, അരങ്ങറ്റ മത്സരത്തില്‍ കളിയിലെ താരമാവുന്നത്. ശ്രീലങ്കക്കെതിരെ സെഞ്ചൂറിയനിലെ ഇതേ മൈതാനത്തില്‍ കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ എങ്കിടി അന്നും കളിയിലെ താരമായിരുന്നു. 12 റണ്‍സ് മാത്രം വഴങ്ങി 2 ശ്രീലങ്കന്‍ വിക്കറ്റുകളാണ് എങ്കിടി അന്ന് നേടിയിരുന്നത്.ആ പരമ്പരയിലെ ബാക്കി ടി20 മത്സരങ്ങളില്‍ കൂടി കളിച്ച എങ്കിടി പിന്നീട് പരുക്കേറ്റ് ടീമിന് പുറത്തായിരുന്നു. ഇന്ത്യക്കെതിരെ നടന്ന പരമ്പരയില്‍ സീനിയര്‍ താരം ഡെയ്ല്‍ സ്റ്റെയിന്‍ പരുക്കേറ്റ് പുറത്തായതോടെയാണ് എങ്കിടിക്ക് ടീമില്‍ തന്നെ സ്ഥാനം ലഭിച്ചത്. കിട്ടിയ അവസരം എങ്കിടി മുതലാക്കുകയും ചെയ്തു. ശ്രീലങ്കക്കെതിരെ 19 റണ്‍സ് വിട്ട് കൊടുത്ത് 4 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് എങ്കിടിയുടെ ടി20യിലെ മികച്ച പ്രകടനം.എന്തായാലും പേസ് ബൗളര്‍മാര്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ എങ്കിടി തന്റേതായ സ്ഥാനം ഉറപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

No comments:

Powered by Blogger.