Breaking

ഇന്ത്യൻ ഇന്നിംഗ്സിലെ 69ആം ഓവറിലെ ആദ്യ പന്ത്‌,

ഇന്ത്യൻ ഇന്നിംഗ്സിലെ 69ആം ഓവറിലെ ആദ്യ പന്ത്‌, ഒരു അപ്പർ കട്ടിനുള്ള ശ്രമം പരാജയപ്പെട്ടപ്പോളതൊരു നേരിയ എഡ്ജായി പരിണമിച്ച്‌ കീപ്പർ ഡീകോക്കിന്റെ ഗ്ലൗസിലൊതുങ്ങുന്നു, പന്തെറിഞ്ഞ രബാഡ ഇരുകൈകളുയർത്തി ആഘോഷിക്കുന്നു, അയാൾക്കരിലേക്ക്‌ ഓടിയെത്തുന്ന നായകൻ ഫാഫ്‌ ഡുപ്ലസിസ്‌ രബഡയെ ചേർത്ത്‌ പിടിച്ച്‌ നെറ്റിയിൽ ചുംബിക്കുന്നു, ഫാഫിന്റെ മുഖത്ത്‌ ആഹ്ലാദത്തിനേക്കാൾ ആശ്വാസമായിരുന്നു നിറഞ്ഞു നിന്നിരുന്നത്‌. 7 റൺസകലെ അർഹിച്ച സെഞ്ച്വറി കൈമോശം വന്നതിന്റെ നിരാശ ഡ്രസ്സിംഗ്‌ റൂമിലേക്ക്‌ നടക്കുന്ന ആ ബാറ്റ്സ്മാന്റെ മുഖത്തുണ്ടായിരുന്നോ??.., ആഫ്രിക്കനാരാധകരുൾപ്പടെയുള്ളവരെഴുന്നേറ്റ്‌ നിന്ന് അയാൾക്ക്‌ അഭിവാദ്യമർപ്പിക്കുന്നു..
എതിരാളിയുടെ കടന്നാക്രമണത്തിൽ കൂടെ വന്നവർ ചിതറിയോടിയപ്പോൾ നിർഭയം അവരെ തിരിച്ചാക്രമിച്ചു കൊണ്ട്‌ ആക്രമണത്തേക്കാൾ മറ്റൊരു പ്രതിരോധമില്ല എന്നൊരിക്കൽ കൂടി അടിവരയിടുകയായിരുന്നു ആ യോദ്ധാവിന്ന്. 7 ആമനായി ക്രീസിലിറങ്ങുന്ന ഹാർദ്ദിക്കിൽ നിന്നും അധികമാരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതൊരു സത്യമാണു, അസാമാന്യ മികവോടെ പന്തെറിയുന്ന ആഫ്രിക്കൻ ബോളേഴ്സിനെ നേരിടാനുള്ള സാങ്കേതിക മികവും പരിചയസമ്പത്തും അയാൾക്കില്ല, അതു കൊണ്ട്‌ തന്നെ അയാൾ തിരഞ്ഞെടുത്ത വഴി ആക്രമണമായിരുന്നു, അത്രയധികം മികവിൽ പന്തെറിയുന്ന ബോളേഴ്സിന്റെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യാൻ അതിനേക്കാൾ മികച്ചൊരു ടെക്നിക്കില്ലായിരുന്നു,രണ്ടാം ദിനം തുടക്കം മുതൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരോട്‌ പല ചോദ്യങ്ങൾ ചോദിച്ച്‌ കുഴക്കിക്കൊണ്ടിരുന്ന ഫിലാണ്ടറെ മൂന്ന് തവണ ബൗണ്ടറി ലൈനിലേക്ക്‌ ഒരോവറിലോടിച്ച്‌ പാടെ ഹാർദ്ദിക്ക്‌ തളർത്തുകയായിരുന്നു. മറ്റേയറ്റത്ത്‌ ഭുവനേശ്വർ അസാമാന്യ പക്വതയോടെ നങ്കൂരമിട്ടപ്പോൾ ഹാർദ്ദിക്ക്‌ തുടരെ ആഫ്രിക്കൻ ബോളേഴ്സിനെ ബൗണ്ടറി ലൈനിലേക്ക്‌ പായിച്ചു കൊണ്ടിരുന്നു. മോണി മോർക്കലെറിഞ്ഞ ബൗൺസറിനെ വളരെ നിസാരമായി അപ്പർ കട്ട്‌ ചെയ്ത്‌ കീപ്പറിനു മുകളിലൂടെ ബൗണ്ടറി ലൈനിലെത്തിക്കുന്ന ഹാർദ്ദിക്ക്‌ ഒരു കാഴ്ച്ച തന്നെയായിരുന്നു. ഹാർദ്ദിക്കിന്റെ ബാറ്റിൽ നിന്ന് ഓരൊ ബൗണ്ടറി പായുമ്പോഴും ഇന്ത്യൻ ഡ്രസ്സിംഗ്‌ റൂമൊന്നാകെ ഉയർന്നു ചാടുകയായിരുന്നു, ഒരു പക്ഷെ ഹാർദ്ദിക്ക്‌ തന്റെ ബാറ്റിംഗിലൂടെ പലതും അവരെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നിരിക്കണം. 8 ആം വിക്കറ്റിൽ ഭുവനേശ്വറിനൊപ്പം ഹാർദ്ദിക്ക്‌ 99 റൺസാണു ചേർക്കുന്നത്‌, അപ്പോഴേക്കും അപമാനത്തിന്റെ നിഴൽ ഇന്ത്യൻ ടീമിനുമുകളിൽ നിന്നൊഴിഞ്ഞിരുന്നു. ഒടുവിൽ അർഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ടപ്പോൾ ഹാർദ്ദിക്കിനേക്കാളേറെ വേദനിച്ചത്‌ നമുക്കായിരിക്കും, എങ്കിലും മൂന്നക്കത്തിനേക്കാൾ പകിട്ട്‌ ആ രണ്ടക്കത്തിനുണ്ട്‌, ഇതൊരു തുടക്കമാവാം ഒരു കൊടുങ്കാറ്റിന്റെ തുടക്കം, ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റിൽ വീരേന്ദർ സേവാഗിൽ അവസാനിച്ച ആ കൊടുങ്കാറ്റ്‌ ചിലപ്പോൾ പാണ്ട്യയിലൂടെ വീശി തുടങ്ങുന്നതാവാം..
-കൃപൽ ഭാസ്ക്കർ




No comments:

Powered by Blogger.