Breaking

ചരിത്ര ടെസ്റ്റ് ഡിവില്ലിയേഴ്സിന് നഷ്ടമായേക്കും


സിംബാബ്‌വെയ്ക്കെതിരെ നാളെ തുടങ്ങാനിരിക്കുന്ന ചരിത്രത്തിലെ ആദ്യ നാല് ദിന ടെസ്റ്റ് മത്സരം ദക്ഷിണാഫ്രിക്കൻ താരം ഡിവില്ലിയേഴ്സിന് നഷ്ടമായേക്കുമെന്ന് സൂചന. ഏറെക്കാലം അലട്ടിയ പരിക്കിൽ നിന്ന് മുക്തനായി രണ്ട് വർഷത്തിന് ശേഷം ടീമിലെത്തിയ ഡിവില്ലിയേഴ്സിന്റെ തിരിച്ചു വരവ് മത്സരം ഇതോടെ വൈകാനാണ് സാധ്യത. ഡിവില്ലിയേഴ്സിനൊപ്പം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും നാളെ തുടങ്ങുന്ന നാല് ദിന ടെസ്റ്റ് മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്.കഴിഞ്ഞ ദിവസം സിംബാബ്‌വയും ദക്ഷിണാഫ്രിക്കൻ ഇൻ വിറ്റേഷൻ ഇലവനും തമ്മിൽ നടന്ന സന്നാഹ മത്സരത്തിലും പരിക്കിനെത്തുടർന്ന് ഡിവില്ലിയേഴ്സ് കളിച്ചിരുന്നില്ല. 2016 ജനുവരിയിലായിരുന്നു താരം അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. വിടാതെ പിന്തുടർന്ന പരിക്കുകൾ പിന്നീട് അദ്ദേഹത്തെ ടീമിൽനിന്ന്പുറത്താക്കുകയായിരുന്നു.അതേ സമയം ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോർജ് പാർക്കിൽ പകൽ രാത്രി മത്സരമായിട്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ നാല് ദിന മത്സരം നടക്കുന്നത്. നാളെ തുടങ്ങുന്ന മത്സരം 29-ം തീയതി അവസാനിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ഐ.സി.സി. ഈ മത്സരം നടത്തുന്നത്.അഞ്ച് ദിന മത്സരങ്ങളിൽ നിന്ന് ഏറെ വ്യത്യാസങ്ങളുമായിട്ടാണ് നാല് ദിന ടെസ്റ്റ് മത്സരം കളിക്കുക. സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ ഒരു ദിനം 90 ഓവറുകളാണ് എറിയുന്നതെങ്കിൽ നാല് ദിന മത്സരങ്ങളിൽ ഒരു ദിവസം 98 ഓവറാവും ഉണ്ടാവുക. അതായത് നാല് ദിവസങ്ങളിലും കൂടി മത്സരത്തിൽ എറിയപ്പെടുക 392 ഓവറുകൾ. അഞ്ച് ദിന മത്സരങ്ങളിൽ നിന്ന് 58 ഓവറുകൾ മാത്രം കുറവ്.ഒരു ദിവസം കൂടുതലായി വരുന്ന 8 ഓവറുകൾ എറിയാൻ കളി സമയം അരമണിക്കൂർ കൂട്ടും. ഇതിനായി എല്ലാ ദിവസങ്ങളിലേയും ആദ്യ രണ്ട് സെഷനുകളിൽ കളി സമയം പതിനഞ്ച് മിനുറ്റ് വർദ്ധിപ്പിക്കും. അങ്ങനെ വരുമ്പോൾ ആദ്യ രണ്ട് സെഷനുകളുടെ സമയദൈർഘ്യം 2 മണിക്കൂറും 15 മിനുറ്റുമാവും.ഫോളോ ഓണിന്റെ കാര്യത്തിലുമുണ്ട് നിയമമാറ്റം. 150 റൺസിന്റെ വ്യത്യാസമുണ്ടെങ്കിൽ ഈ മത്സരത്തിൽ എതിരാളികളെ ഫോളോ ഓണിന് അയക്കാം. സാധാ മത്സരങ്ങളിൽ ഇത് 200 ആണ്. നാല് ദിന ടെസ്റ്റ് മത്സരം നടക്കുന്നത് പകലും രാത്രിയുമായിട്ടായതിനാൽ ഈ മത്സരത്തിന്റെ ചായ സമയം 20 മിനുറ്റും അത്താഴ സമയം 40 മിനുട്ടുമാണ്.

No comments:

Powered by Blogger.