കോലിയേക്കാള്‍ മികവ് രോഹിത് ശര്‍മ്മയ്‌ക്ക്?
ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടന്നുകൊണ്ടാണ് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ യാത്ര. അതുകൊണ്ടുതന്നെ സച്ചിനുമായി കോലിയെ താരതമ്യം ചെയ്യുന്ന ചര്‍ച്ചകള്‍ പോലും ഉയര്‍ന്നുതുടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴിതാ, കോലിയേക്കാള്‍ മികവ് രോഹിത് ശര്‍മ്മയ്‌ക്കാണെന്ന ചര്‍ച്ചയാണ് ഉയര്‍ന്നുവരുന്നത്. ഈ വാദത്തിന് പിന്നിലുള്ളത് മറ്റാരുമല്ല, മുൻ സെലക്ഷൻ കമ്മിറ്റി ചെയര്‍മാൻ കൂടിയായ സന്ദീപ് പാട്ടിലാണ്. ഇപ്പോള്‍ കളിക്കുന്ന രോഹിത് ശര്‍മ്മയ്‌ക്ക്, വിരാട് കോലിയേക്കാള്‍ മികവുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കോലിയുടെ ആരാധകര്‍ സമ്മതിച്ചുതരില്ലെന്ന് അറിയാം, എന്നിരുന്നാലും ഇപ്പോള്‍ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാൻ ആരാണെന്ന് ചോദിച്ചാൽ രോഹിത് ശര്‍മ്മയാണെന്നായിരിക്കും തന്റെ മറുപടിയെന്നും സന്ദീപ് പാട്ടീൽ പറയുന്നു. കോലി മികച്ച ടെസ്റ്റ് ബാറ്റ്‌സ്‌മാനാണ്. എന്നാൽ നിശ്ചിത ഓവര്‍ മൽസരങ്ങളിലേക്ക് വരുമ്പോള്‍ മികവ് രോഹിത് ശര്‍മ്മയ്‌ക്കാണ്. 2017ലെ പ്രകടനം പരിശോധിച്ചാൽ രോഹിത് ശര്‍മ്മ 26 ഏകദിനങ്ങളിൽനിന്ന് 1460 റണ്‍സാണ് അടിച്ചെടുത്തത്. ശരാശരി 76.8 ആണ്. എന്നാൽ കോലി നേടിയത് 23 മൽസരങ്ങളിൽനിന്ന് 1293 റണ്‍സാണ്. ശരാശരി 71.8 ആണ്. ഇരുവരും 2017ൽ ആറു സെഞ്ച്വറികള്‍ വീതം നേടുകയും ചെയ്തിട്ടുണ്ട്. ഇനി ടി20യിലേക്ക് വന്നാലും രോഹിത് തന്നെയാണ് മുന്നിൽ. 10 കളികളിൽനിന്ന് 299 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. കോലി ആകട്ടെ, എട്ടു കളികളിൽ 256 റണ്‍സാണ് നേടിയിട്ടുള്ളത്. ട്വന്റി20 മികവിൽ പ്രധാന ഘടകമായ സ്ട്രൈക്ക് റേറ്റിലേക്ക് വരുമ്പോള്‍ രോഹിതിന് 176 ഉള്ളപ്പോള്‍, വിരാട് കോലിയ്‌ക്ക് 152 ആണുള്ളത്. ഇതുകൂടാതെ രണ്ടു ലോക റെക്കോര്‍ഡ് പ്രകടനങ്ങളും രോഹിത് ഈ കാലയളവിൽ പുറത്തെടുത്തിട്ടുണ്ടെന്ന് സന്ദീപ് പാട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഏകദിനത്തിൽ മൂന്നു ഡബിള്‍ സെഞ്ച്വറി നേടുകയെന്നത് നിസാര കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ക്രിക്കറ്റിൽ പുതിയ ചര്‍ച്ചകള്‍ക്കാണ് സന്ദീപ് പാട്ടിലിന്റെ അഭിപ്രായപ്രകടനം വഴിമരുന്നിടുന്നത്.
No comments: