Breaking

ധോണിസം : ഇത്ര മനോഹരമായി ധോണിയുടെ ഉയര്‍ച്ചകള്‍ ആര്‍ക്കും എഴുതാന്‍ കഴിയില്ല .വായിക്കാതെ പോവരുത് .



എഴുതിയത് : Dev Anand ബോംബെ മഹാനഗരത്തിന്റെ തെക്കൻ മുനമ്പിൽ മൂന്ന് കവാടങ്ങളാൽ പണിതീർക്കപ്പെട്ട ഒരു പ്രദേശമുണ്ട്. അവിടെയാണ് ബി.സി.സി.ഐ എന്ന് നാമകരണം ചെയ്യപ്പെട്ട ആ കലാലയം സ്ഥിതി ചെയ്തിരുന്നത്. ആ കലാലയത്തിലേക്ക് പ്രവേശനം ലഭിക്കുക, നീലയുടുപ്പണിഞ്ഞ് പരീക്ഷ എഴുതുന്ന പതിനൊന്ന് പേരിൽ ഒരാളാവുക, ഒരുപാട് വർഷം നന്നായി പഠിക്കുക... അതായിരുന്നു ഭാരതത്തിലെ ഒട്ടുമിക്ക വിദ്യാർഥികളുടെയും ജീവിതലക്ഷ്യം.എന്നാൽ അതൊന്നും അത്ര എളുപ്പമായിരുന്നില്ല. അവിടെ പ്രവേശനം ലഭിക്കാതെ പോയ കുട്ടികളുടെ കണക്കെടുത്താൽ അത്, നാളിതുവരെയായി അവിടെ പഠിച്ച കുട്ടികളുടെ നൂറിരട്ടിയോളം വരും. അവിടെ പ്രവേശിക്കണമെങ്കിൽ ചെറുപ്രായത്തിൽ തന്നെ പുസ്തകം വാങ്ങിച്ച് വായിച്ചു പഠിക്കണം. മികച്ച അധ്യാപകന്മാരുടെ കീഴിൽ നന്നായി വിദ്യ അഭ്യസിക്കണം. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അന്തർ സംസ്ഥാന തലത്തിലും നടന്നു വരുന്ന പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കണം. ഇത്രയും കടമ്പകൾ മറികടന്ന് പ്രവേശന യോഗ്യത നേടിയ കുട്ടികൾ നിരവധി പേരുണ്ടായിരുന്നിട്ടും ആ കലാലയത്തിന് അർഹിച്ച ചാമ്പ്യൻപട്ടങ്ങൾ അകന്ന് നിന്നു. പേരെടുത്ത് പറയാനുള്ളത് 1983ൽ കപിൽ എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ നേടിയ ചാമ്പ്യൻപട്ടം മാത്രം.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആ കലാലയത്തിന് ഏറ്റവും കൂടുതൽ ബഹുമതികൾ ലഭിച്ചത്. അന്ന് പരീക്ഷകൾ എഴുതിയിരുന്ന പതിനൊന്ന് പേർക്ക് ജനമനസ്സുകളിൽ ഒരു വലിയ സ്ഥാനമുണ്ടായിരുന്നു. അവരുടെ വിജയങ്ങൾ അന്നാട്ടുകാർ ഒരു ആഘോഷമാക്കിയിരുന്നു. അവരുടെ പരാജയങ്ങൾക്ക് ഒരു നാടിന്റെ മുഴുവൻ കണ്ണീരിന്റെ നനവുണ്ടായിരുന്നു. ഇതിനുമുമ്പൊന്നും അവിടെ അത്രയും നല്ല കുട്ടികൾ പഠിച്ചിട്ടില്ലായിരുന്നു. ആ കുട്ടികളുടെ ഒത്തൊരുമയ്ക്കും അച്ചടക്കത്തിനും പിന്നിൽ സൗരവ് എന്ന ശൗര്യത്തിന്റെ അകമ്പടിയുണ്ടായിരുന്നു.ആദ്യം കയറി ചെന്ന് ആദ്യത്തെ ബെഞ്ചിലിരുന്ന് ആദ്യത്തെ ചോദ്യങ്ങൾക്കെല്ലാം പെട്ടെന്ന് പെട്ടെന്ന് ഉത്തരമെഴുതുന്നൊരു വീരൻ ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. എല്ലാ ചോദ്യങ്ങൾക്കും നന്നായി ആലോചിച്ച് മാത്രം ഉത്തരമെഴുതുന്ന രാഹുലും അധ്യാപകന്മാർക്ക് പ്രിയങ്കരനായിരുന്നു. പരീക്ഷ എഴുതുന്നതോടൊപ്പം തന്നെ കുറച്ചു കാലം ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്ന ജോലിയും അവൻ ഭംഗിയായി ചെയ്തു. എങ്കിലും അക്കൂട്ടത്തിലെ താരം മറ്റൊരാളായിരുന്നു. ഒട്ടുമിക്ക പരീക്ഷകളിലും ഒന്നാം സ്ഥാനം അവനായിരുന്നു. ഏറ്റവും നന്നായി പരീക്ഷ എഴുതുന്നതും ഏറ്റവും കൂടുതൽ പരീക്ഷ എഴുതിയതും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നതുമൊക്കെ അവനായിരുന്നു. പതിനാറാം വയസ്സിൽ തന്നെ കലാലയത്തിലേക്ക് പ്രവേശനം ലഭിച്ച അത്ഭുത ബാലൻ. നാട്ടുകാർക്ക് അവൻ പൊന്നോമനയായിരുന്നു. എന്നും അവന് വേണ്ടിയായിരുന്നു അവർ പ്രാർത്ഥിച്ചിരുന്നത്. അവനെ ഒന്നാമനായി കാണാനായിരുന്നു അവർ ആഗ്രഹിച്ചിരുന്നത്.ഉത്തരക്കടലാസുകൾ സൂക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം രാഹുലിന്റെ പഠനത്തെ ബാധിച്ചു തുടങ്ങി. രണ്ട് ജോലിയും തനിക്ക് ഒരുപാട് കാലം ഒരുമിച്ച് ചെയ്യാൻ പറ്റില്ലെന്ന് അവൻ അധ്യാപകരോട് പറഞ്ഞു. ആ ദൗത്യം നിറവേറ്റാൻ ശക്തിയുള്ള കൈകൾക്കായുള്ള അന്വേഷണം ചെന്നെത്തിയത് കാരിരുമ്പിന്റെ കൈക്കരുത്തുള്ള ഒരു ചെമ്പൻമുടിക്കാരനിലായിരുന്നു.ഉത്തരക്കടലാസുകൾ അവനെ വിശ്വസിച്ചേല്പിക്കാം. എന്നാൽ പരീക്ഷ എഴുതാൻ മാത്രം അവൻ വളർന്നോ? അധ്യാപകർ ചിന്തിച്ചു തുടങ്ങി. അങ്ങനെ ചിന്തിക്കാൻ അവർക്ക് കുന്നോളം കാരണങ്ങളുമുണ്ടായിരുന്നു.ബീഹാറിലെ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ല. വിദ്യാലയത്തിന്റെ പടി പോലും ചവിട്ടിയിട്ടില്ല. ഒരു അധ്യാപകനും അവനെ അക്ഷരങ്ങൾ പഠിപ്പിച്ചിട്ടില്ല. ഒരു പുസ്തകവും അവൻ വായിച്ചിട്ടില്ല. പരീക്ഷ എഴുതാൻ പഠിക്കേണ്ട പാഠങ്ങളെ കുറിച്ച് യാതൊരു ബോധവുമില്ല. എന്തിനേറെ പറയുന്നു? പേന പിടിക്കേണ്ടത് എങ്ങനെയാണെന്ന് പോലുമറിയില്ല. കൽക്കരിപ്പാടത്ത് കളിച്ചു വളർന്ന് ഒടുവിൽ കൽക്കരിയിലോടുന്ന വണ്ടിയിൽ പണിയെടുക്കേണ്ടി വന്ന ഇവനാണോ ഇവിടെ ചേരാൻ വന്നിരിക്കുന്നത്? ഇവനാണോ മറ്റ് കുട്ടികളുടെ കൂടെയിരുന്ന് പരീക്ഷ എഴുതാൻ പോകുന്നത്? ചോദ്യങ്ങളുടെ കൂർത്ത ശരങ്ങൾ അവന് നേരെ വർഷിച്ചു.എന്നാൽ അധ്യാപകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മുമ്പിൽ അവൻ പതറിയില്ല. എത്ര വലിയ കൊടുങ്കാറ്റ് വന്നാലും പാറ പോലെ ഉറച്ച് നിൽക്കാൻ അവൻ പഠിച്ചിരുന്നു. അവനറിയാമായിരുന്നു. ആ കലാലയത്തിന്റെ പടിവാതിൽക്കൽ വരെ അവൻ ചെന്ന് നിന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അവന്റെ വിയർപ്പും ചോരയുമുണ്ടെന്ന്. അതിന്റെ അവകാശം അവന് മാത്രം അർഹതപ്പെട്ടതാണെന്ന്.അവനെ ആരും ഒന്നും പഠിപ്പിച്ചിരുന്നില്ല. എല്ലാം അവൻ കണ്ടും കേട്ടും പഠിച്ചു. പരീക്ഷ എഴുതുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഓരോ കോണും അവൻ അളന്ന് പഠിച്ചു. "എനിക്ക് ചോദ്യക്കടലാസ് നൽകൂ, ഞാൻ ഉത്തരമെഴുതി കാണിക്കാം" എന്നവൻ ഉറക്കെ വിളിച്ചു പറഞ്ഞു.അവനെഴുതിയ ഉത്തരങ്ങൾ വായിച്ചറിഞ്ഞ ചില അധ്യാപകന്മാർക്ക് അവനെ നന്നായി ബോധിച്ചു. അപ്പോഴും മറ്റ് അധ്യാപകന്മാർ പറഞ്ഞു."കൈയ്യക്ഷരം തീരെ മോശമാണ്. ചെറുപ്പത്തിൽ തന്നെ എഴുതി പഠിക്കാത്തതിന്റെ കുറവ് നന്നായി കാണുന്നുണ്ട്"ഒടുവിൽ തീരുമാനം ക്ലാസ് ലീഡർക്ക് വിട്ടുകൊടുത്തു. അവൻ എഴുതിയ ഉത്തരങ്ങൾ വായിച്ച സൗരവ് പറഞ്ഞു."ഇവന് കഴിവുണ്ട്. ഇവൻ നന്നായി പരീക്ഷയെഴുതും. നല്ല മാർക്കും വാങ്ങും. എനിക്കുറപ്പുണ്ട്. കൈയ്യക്ഷരം മോശമാണെന്നും പറഞ്ഞ് ഇവനെ നിങ്ങൾ തഴയരുത്. അടുത്ത പരീക്ഷ എഴുതാൻ ഇവനും ഞങ്ങളുടെ കൂടെയുണ്ടാകണം.."ഒടുവിൽ 2004 ഡിസംബർ 23ന്, ഏഴാം നമ്പർ പതിപ്പിച്ച നീലക്കുപ്പായമണിഞ്ഞ് അവൻ ഹരിശ്രീ കുറിച്ചു. ആരും ആഗ്രഹിക്കാത്ത അരങ്ങേറ്റം. നേരിട്ട ആദ്യ ചോദ്യത്തിൽ മുന്നിൽ തന്നെ പതറി, മാർക്കൊന്നും നേടാനാവാതെ അവൻ പുറത്തേക്ക് പോയി. അടുത്ത മൂന്ന് പരീക്ഷകളിലുമായി അവൻ നേടിയത് കേവലം 22 മാർക്ക്.അവന്റെ കാലിടറുന്നത് കാണാൻ കാത്തിരുന്നവർക്ക് അതൊരു ആഘോഷമായിരുന്നു. നാടെങ്ങും അവനെ കഴിവുകെട്ടവനെന്ന് മുദ്ര കുത്തി. അധ്യാപകർ ക്ലാസ് ലീഡർക്കു നേരെ തിരിഞ്ഞു. കഴിവില്ലാത്തവനെ എന്തിന് കൂടെ കൂട്ടണം? സൗരവ് പുഞ്ചിരിച്ചു. ഒരു വിദ്യാർത്ഥിയുടെ കഴിവ് എന്താണെന്ന് അവന്റെ അധ്യാപകരെക്കാളും നന്നായി അറിയാവുന്നത് അവന്റെ ആത്മമിത്രത്തിനാണ്. ആ വിശ്വാസം തന്നെയായിരുന്നു ആ പുഞ്ചിരിയുടെ ആധാരം."മഹീ... അടുത്ത പരീക്ഷയ്ക്ക് നീയുമുണ്ടാകും ഞങ്ങളുടെ കൂടെ. നന്നായി പഠിക്ക്"സൗരവിന്റെ വാക്കുകൾ അവന്റെ മനസ്സിൽ ഉണ്ടാക്കിയെടുത്ത ആത്മാവിശ്വാസം ചെറുതൊന്നുമല്ലായിരുന്നു. എങ്കിലും പഴയ ഓർമകൾ അവനെ വേട്ടയാടുന്നുണ്ടായിരുന്നു. ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അടുത്ത തലത്തിലേക്ക് തിരഞ്ഞെടുക്കാതെ പോയതും, പിന്നീട് തിരഞ്ഞെടുത്ത കാര്യം തന്നോട് ആരും പറയാതിരുന്നതും, ഒടുവിൽ ആ വിവരം വൈകി അറിഞ്ഞത് കൊണ്ട്, സമയത്ത് എത്തിച്ചേരാൻ പറ്റാത്തതും, എത്തിച്ചേർന്നപ്പോൾ മുടി നീട്ടിവളർത്തിയത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടത്തുമെല്ലാം ഒരു അശരീരി പോലെ അവനെ പിന്തുടരുന്നുണ്ടായിരുന്നു.ക്ലാസിൽ അവന്റെ സ്ഥാനം പിൻനിരയിലായിരുന്നു. അടുത്ത പരീക്ഷയ്ക്ക് മുമ്പ് സൗരവ് അവനെ മുൻനിരയിൽ കൊണ്ടിരുത്തി. ഏറ്റവും മികച്ച ചോദ്യങ്ങളുടെ നിരയാണ് തന്നെ കാത്തിരിക്കുന്നത്. ക്ലാസിലെ ഒന്നാമൻ, പ്രതീക്ഷിച്ച മാർക്ക് നേടാനാവാതെ തിരിച്ചു വന്നിരിക്കുന്നു. അടുത്തത് തന്റെ ഊഴമാണ്. കഴിവ് തെളിയിക്കേണ്ട സമയമായിരിക്കുന്നു. പിന്നൊന്നും നോക്കിയില്ല അവൻ. തന്റെ തനതായ ശൈലിയിൽ അവൻ പരീക്ഷയെഴുതി. ഹാളിന് പുറത്ത് ചുഴലിക്കാറ്റ് വീശിയിട്ടും അവൻ എഴുത്ത് നിർത്തിയില്ല. 148 മാർക്ക് നേടിയായിരുന്നു അവന്റെ വരവ്. അവിടെ പുതിയൊരു യുഗം തന്നെ പിറവിയെടുക്കുകയായിരുന്നു. പുസ്തകത്തിലെ പാഠങ്ങൾ പഠിക്കാതെ പരീക്ഷയെഴുതിയവൻ, പുസ്തകത്തിൽ തന്റേതായ പാഠങ്ങൾ എഴുതിച്ചേർത്തു. കാലം അതിനെ "ഹെലികോപ്റ്റർ" എന്ന് വിളിച്ചു. കൈയക്ഷരത്തെ പഴിച്ചവർക്ക് കൈക്കരുത്താൽ മറുപടി നൽകിക്കൊണ്ട് കഴിവിന് നേരെ കണ്ണടച്ചവരുടെ കണ്ണിലെ കരടായി അവൻ വളർന്നു.42 പരീക്ഷകൾ കഴിഞ്ഞതോടെ അവൻ സർവകലാശാലയിൽ തന്നെ ഒന്നാമനായി. കാലത്തിന് പോലും ആ ചരിത്രനേട്ടത്തെ മറികടക്കാൻ സാധിച്ചിട്ടില്ലെന്നത് മറ്റൊരു ചരിത്രം. ക്ലാസ് ലീഡർ മാറി, പ്രധാനാധ്യാപകനും മാറി... നാല് വർഷങ്ങൾക്കൊരിക്കൽ നടക്കാറുള്ള ചാമ്പ്യൻഷിപ്പിൽ നാണംകെട്ട തോൽവിയേറ്റു വാങ്ങി. ആ വിഷമത്തിൽ നന്നായി പഠിക്കുന്ന വിദ്യാർത്ഥികളെല്ലാം പരീക്ഷയിൽ നിന്ന് വിട്ടുനിന്നു. ക്ലാസ് ലീഡർ സ്ഥാനം മഹിയെ തേടി വന്നു. ആ മുൾക്കിരീടം അവൻ സന്തോഷത്തോടെ ഏറ്റുവാങ്ങി. അതോടെ കോളേജിന് രണ്ടര പതിറ്റാണ്ടായി അന്യം നിന്ന ചാമ്പ്യൻപട്ടം അവൻ തിരിച്ചുപിടിച്ചു.അവൻ ചരിത്രം തിരുത്തിക്കുറിക്കുന്നതിന് മുമ്പേ ചരിത്രം അവന് മുന്നിൽ വഴിമാറി നിന്നു. മുന്നോട്ട് നടന്ന വഴികളിലെല്ലാം അവൻ പൊന്ന് വിളയിച്ചു. തൊട്ടതെല്ലാം തനി തങ്കമായി മാറാൻ തുടങ്ങി. അവന് നേരെ ചീറിയടുത്ത കൂർത്ത കല്ലുകൾ നാഴികക്കല്ലായി മാറി. ഒരു ദശാബ്ദക്കാലത്തോളം സർവകലാശാലയുടെ റാങ്ക് പട്ടികയിൽ അവന്റെ പേര് മായാതെ കിടന്നു. അവന്റെ ക്ലാസ് എല്ലാ പരീക്ഷകളിലും ഒന്നാം സ്ഥാനം നേടിയെടുത്തു. ഏറ്റവും മികച്ച ക്ലാസ് ലീഡർക്കുള്ള പുരസ്കാരങ്ങൾ നിരന്തരം അവനെ തേടി വന്നു. ഇതിനിടയിൽ ഭാരതത്തിന്റെ കരസേനയിലേക്കും അവൻ പ്രവേശനം നേടി. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഒന്നൊന്നായി ഏറ്റുവാങ്ങി.ക്ലാസ്സിൽ അടിമുടി മാറ്റങ്ങൾ വരുത്തി. നിരവധി കുട്ടികൾക്ക് പ്രവേശനം ലഭിച്ചു തുടങ്ങി. പിൻനിരയിൽ ഇരുന്ന കുട്ടികളോട് മുന്നിൽ പോയിരിക്കാൻ പറഞ്ഞു. അവൻ ഏറ്റവും പിൻനിരയിൽ സ്ഥാനം കണ്ടെത്തി. അവിടെ നിന്നുകൊണ്ട് തന്നെ അവൻ ക്ലാസിനെ നിയന്ത്രിച്ചു. പുതിയ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. നന്നായി പരീക്ഷയെഴുതി നല്ല മാർക്ക് വാങ്ങുന്നവർക്ക് മാത്രമേ ക്ലാസിൽ സ്ഥാനമുണ്ടാകൂ എന്ന അവസ്ഥയായി. ഓരോ വർഷവും ഓരോ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കിട്ടാക്കനിയായി കിടന്ന സകലമാന ചാമ്പ്യൻപട്ടങ്ങളും വ്യക്തമായ മാർഗത്തോടെ അവൻ നേടിയെടുത്തു. പുരസ്കാരങ്ങളും ബഹുമതികളും കൊണ്ട് കലാലയത്തിന്റെ ക്യാബിൻ നിറഞ്ഞു കവിഞ്ഞു.നന്നായി പരീക്ഷയെഴുതുക, ക്ലാസിനെ നിയന്ത്രിക്കുക, ഉത്തരക്കടലാസുകൾ സൂക്ഷിക്കുക എന്നീ മൂന്ന് ഉത്തരവാദിത്തങ്ങളും പതിറ്റാണ്ടുകാലം പരാതികളില്ലാതെ ചെയ്തുതീർത്തു. ഒടുവിൽ തന്റെ കലാലയത്തിന് നേടിക്കൊടുക്കാൻ ഇനിയൊന്നും അവശേഷിക്കുന്നില്ലെന്ന തിരിച്ചറിവോടെ, തന്റെ ലീഡർ സ്ഥാനം ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് കൈമാറി. അപ്പോഴേക്കും ഏത് പരീക്ഷയും ജയിക്കാൻ കെൽപ്പുള്ള ഒരു പുതിയ ബാച്ചിനെ തന്നെ നെയ്തെടുത്തു കഴിഞ്ഞിരുന്നു. ആവശ്യമുള്ളപ്പോൾ വേണ്ട നിർദ്ദേശങ്ങൾ പകർന്നു നൽകി.ഇന്നും അവന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഉത്തരക്കടലാസുകൾ 13 വർഷങ്ങളായി സൂക്ഷിച്ചു വരുന്നു. ആ ഭാരിച്ച ഉത്തരവാദിത്തം അത്രയും നന്നായി നിറവേറ്റാൻ കരുത്തുള്ള കൈകളെ കണ്ടെത്തേണ്ടിയിരിക്കുന്നു.പുസ്തകപ്പുഴുക്കളായവർക്ക് പോലും ഉത്തരം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ അവസാന ചോദ്യത്തിന് വരെ ഉത്തരമെഴുതിയതിന് ശേഷം മാത്രമേ അവൻ പേന താഴെ വെക്കാറുള്ളൂ. അവൻ പേനയെടുക്കുമ്പോൾ ആരും നൂറ് മാർക്ക് പ്രതീക്ഷിച്ച് നിൽക്കാറില്ല. എങ്കിലും അവൻ എഴുതി തീരുന്നത് വരെ ഒരു പ്രതീക്ഷയാണ്. പരീക്ഷയിൽ വിജയം സുനിശ്ചിതം എന്ന പ്രതീക്ഷ. ആർക്കുമുമ്പിലും അടിയറവ് പറയേണ്ടി വരില്ലെന്ന് അടിയുറച്ച വിശ്വാസം. പതിമൂന്ന് വർഷമായി പതറാതെ തുടരുന്ന വിശ്വാസം. കാലക്കെടുതിയിലും കൊടുങ്കാറ്റിലും അണയാതെ കത്തുന്ന വിശ്വാസം.കാതൊന്ന് കൂർപ്പിച്ചാൽ വേട്ടപ്പട്ടികൾ കുരയ്ക്കുന്നത് കേൾക്കാം. കുറുക്കന്മാർ ഓരിയിടുന്നതും കേൾക്കാം. എന്നാൽ കാതടച്ച് നിന്നാലും, അവന് വേണ്ടി തുടിക്കുന്ന ഹൃദയങ്ങളുടെ താളം വ്യക്തമായി തന്നെ കേൾക്കാൻ കഴിയും. അവന്റെ ഓരോ ചുവടുവെപ്പിലും കാതടപ്പിക്കാൻ പോന്ന ആർത്തിരമ്പലുകൾ അലയടിക്കുന്നതും കേൾക്കാം.13 വർഷങ്ങളല്ല, 13 നൂറ്റാണ്ടുകൾ പിന്നിട്ടാലും ഇതിഹാസങ്ങൾക്ക് മരണമുണ്ടാകില്ല. കാരണം കാലം സംസാരിക്കുന്നത് കണക്കുകളിൽ കൂടിയാണ്. കണക്കുകൾ കള്ളം പറയാറില്ല. ആർക്കും കണ്ണടച്ച് വിശ്വസിക്കാം അതിനെ. വർഷങ്ങളായി അടഞ്ഞ കണ്ണുകൾ അപ്പോൾ അറിയാതെ തന്നെ തുറക്കും. കൺകുളിർക്കെ കാണാം അപ്പോൾ, ചരിത്രത്തിന്റെ ഏടുകളിൽ കാലം നമിക്കുന്ന ധീര യോദ്ധാവിനെ... ഇല്ലായ്മയിൽ നിന്ന് എല്ലാമെല്ലാമായി മാറിയ മഹേന്ദ്ര സിങ് ധോനിയെ.

No comments:

Powered by Blogger.