നിങ്ങള്‍ ഒരു ക്രിക്കറ്റ് പ്രേമി ആണേല്‍ ഇത് വായിച്ചു കഴിയുന്നത് വരെ നിങ്ങളുടെ രോമങ്ങള്‍ എണീറ്റ് നില്‍ക്കും.
എഴുതിയത്:സംഗീത് ശേഖർ സിനിമ കാണാന്‍ വേണ്ടി ഒരിക്കലും ക്ലാസ് കട്ട് ചെയ്തു മുങ്ങിയിട്ടില്ല . ക്രിക്കറ്റ് കാണാന്‍ വേണ്ടി ,കളിക്കാന്‍ വേണ്ടി പല തവണ മുങ്ങിയിട്ടുണ്ട്. പലതും നഷ്ടപ്പെടുത്തി കൊണ്ട് ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചതാണ് ക്രിക്കറ്റിനെ . തുടര്‍ച്ചയായി കുറച്ചു പന്തുകള്‍ ബാക്ക് ഫുട്ടില്‍ ഡിഫന്‍ഡ് ചെയ്‌താല്‍ ഉടനെ ദ്രാവിഡ് എന്ന പേരും ഫ്രണ്ട് ഫുട്ടില്‍ കളിക്കുന്ന അത്ര ചേതോഹരമല്ലാത്ത ഒരു സ്ട്രെയിറ്റ് ഡ്രൈവ് പോലും സച്ചിനെന്ന പേരും ഓഫ് സ്റ്റമ്പിനു വെളിയില്‍ പോകുന്ന പന്തിനെ പോയന്റ് ഫീല്‍ഡറുടെ തലക്ക് മുകളിലൂടെ ഉയര്‍ത്തി വിടുമ്പോള്‍ സെവാങ്ക് (സെവാഗ് എന്ന് ക്ര്യത്യമായി പലരും ഉച്ചരിച്ചിരുന്നില്ല ,എത്രയൊക്കെ തിരുത്തി കൊടുത്താലും പിന്നെയും സേവാങ്ക് തന്നെ ) എന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ സമ്മാനിക്കുമ്പോള്‍ ചെറിയൊരു അഹങ്കാരത്തോടെ മാത്രം പിറ്റേ ദിവസം മൈതാനത്തിലേക്ക് പ്രവേശിക്കുന്ന ,പിന്നീടവരെ അനുകരിക്കാന്‍ മാത്രം ശ്രമിച്ചു പരാജയപ്പെടുമ്പോഴും തോന്നിയിട്ടുള്ള ആയൊരു ഫീലിംഗ് മൊബൈലില്‍ മാത്രം ഗെയിം കളിച്ചു പരിചയമുള്ളവര്‍ക്ക് മനസ്സിലാകാന്‍ സാധ്യതയില്ല...നീയിപ്പോ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആകാന്‍ പോകുകയാണോ എന്ന ചോദ്യം പലരും കേട്ട് കാണും .ചില മാതാപിതാക്കള്‍ സ്വപ്നവും കണ്ടു കാണും .ബാറ്റിന്റെയും പന്തിന്റെയും രൂപത്തില്‍ ചിലര്‍ക്ക് ആ സ്വപ്നത്തിലെക്കുള്ള ചവിട്ടു പടികള്‍ ലഭിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് ബാറ്റ് ഒടിച്ചു കളയുന്ന പേരന്റ്സ് ആയിരിക്കും ലഭിക്കുന്നത് എന്നതില്‍ കുറ്റമൊന്നും കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നെയില്ല .യുദ്ധം ചെയ്തിട്ടുണ്ട് പലപ്പോഴും ആ മൈതാനത്തിലേക്ക് പ്രവേശിക്കാനുള്ള അനുമതി വീട്ടില്‍ നിന്നും ലഭിക്കാന്‍ .അനുമതി നിഷേധിക്കപ്പെടുന്ന ആ ഞായറാഴ്ചകളിലായിരിക്കും പല വീടുകളിലും ഒരു റിബല്‍ ജന്മമെടുത്തിരിക്കുക . ഇനിയൊരു മടങ്ങിപ്പോക്ക് സാധ്യമല്ലാത്ത ആ അവധിദിവസങ്ങളാണ് ഈ ഗെയിമിനെ ഭ്രാന്തിനു സമം ആരാധനയോടെ സ്നേഹിക്കാന്‍ ഒട്ടനവധി ജന്മങ്ങളെ പ്രേരിപ്പിച്ചത്.അത് ഞാനായിരുന്നില്ലേ എന്ന സംശയവുമായി 1983 കണ്ടിരിക്കുമ്പോള്‍ ഉതിര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികളെ കളിയാക്കിയ അനിയത്തിയുടെ കുട്ടിയെ തല്ലിക്കൊണ്ട് എന്നിലെ ദൌര്‍ബല്യത്തെ എല്ലാവര്‍ക്കും മുന്നില്‍ എക്സ്പോസ് ചെയ്ത ഇക്കഴിഞ്ഞ ജനുവരി സാക്ഷിയാണ് ..ഞാനീ ഗെയിമിനെ സ്നേഹിക്കുന്നുണ്ട് ..മനസ്സിനെ സ്പര്‍ശിക്കുന്ന കാഴ്ചകള്‍..അത് മാത്രമാണ് കാണുന്നവനെ പിടിച്ചിരുത്തുന്നത് .എത്ര തിരഞ്ഞിട്ടും എനിക്കാ പഴയ കാഴ്ചകള്‍ ഇന്ന് കാണാന്‍ കഴിയുന്നില്ലെങ്കിലും ഒരു ഹിപ്പോക്രാറ്റിനെ പോലെ ചാനല്‍ മാറ്റുകയോ ,ടി.വി ഓഫ് ചെയ്യുകയോ ചെയ്യാതെ ഞാനിന്നു പുതിയ കാഴ്ചകള്‍ കാണുകയാണ്.ആത്യന്തികമായി ക്രിക്കറ്റ് എന്ന ഗെയിമിനെ സ്നേഹിക്കുന്ന ഒരാള്‍ക്ക് നിഷ്കരുണം വഴി മാറി നടക്കാന്‍ കഴിയില്ല എന്നുറപ്പാണ്.രോഹിത് ശര്‍മയുടെ അലസഗാംഭീര്യം തുളുമ്പുന്ന കവര്‍ ഡ്രൈവുകള്‍ക്കും ഹാഷിം ആംലയുടെ ഫ്ലിക്കുകള്‍ക്കും വിരാട് കോഹ്ലിയുടെ ക്ലാസിക് ഇന്നിംഗ്സുകള്‍ക്കും മാറ്റ് കുറയാതെ നില്‍ക്കുമ്പോള്‍ അവരെ ഒട്ടും വില കുറച്ചു കാണാതെ ഞാന്‍ ചിന്തിക്കുന്നത് ഒരു തലമുറയിലെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ബിംബങ്ങളെ കുറിച്ചാണ്..ഇവിടെ എന്നെപ്പോലൊരു ആരാധകന്‍റെ ജീവിതത്തോടൊപ്പം വളര്‍ന്ന ചില കരിയറുകളുണ്ട് . റീ പ്ലേസ് ചെയ്യപ്പെടാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന സത്യം മനസ്സില്‍ വച്ചു കൊണ്ട് തന്നെ ഇന്നാ മൈതാനങ്ങളിലേക്ക് നോക്കുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യത എങ്ങനെയാണ് പറഞ്ഞറിയിക്കുക . ഓസ്ട്രേലിയന്‍ പര്യടനങ്ങളിലെ ടെസ്റ്റ് മത്സരങ്ങള്‍ പോലും ആവേശത്തോടെ കണ്ടിരുന്ന ഒരു കാലം..ആത്മാവ് നഷ്ടപ്പെടുത്തി എന്ന് പലരും വേദനയോടെ മനസ്സിലെങ്കിലും മന്ത്രിക്കുന്ന ഈ ഗെയിം എനിക്കൊരു കാലത്ത് സമ്മാനിച്ച അനുഭൂതികള്‍ ഇന്നിനി തിരയുന്നതില്‍ അര്‍ത്ഥമില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സുന്ദരമായ സ്ട്രെയിറ്റ് ഡ്രൈവിനെ ഞാന്‍ അന്വോഷിച്ചിറങ്ങുകയാണ് .ക്രിക്കറ്റ് മൈതാനങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു കൂട്ടം ക്രിക്കറ്റര്‍മാര്‍..ഇവരുടെ വിടവാങ്ങല്‍ കൊണ്ട് ക്രിക്കറ്റ് ഇല്ലാതായി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ട് ക്രിക്കറ്റ് ഇന്നുംഇവിടെയുണ്ട്,നാളെയുമുണ്ടാകും . രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ മറികടന്നു കൊണ്ട് കളിക്കാരുടെ പ്രതിഭയെ ആദരിച്ചിരുന്ന കാലം. ടെണ്ടുല്‍ക്കര്‍ എന്ന പേരുച്ചരിക്കുന്ന ബഹുമാനത്തോടെ വസിം അക്രം എന്നോ ഷെയിന്‍ വോണ്‍ എന്നോ ഉച്ചരിക്കുന്ന ഒരു തലമുറയും ഇവരോടൊപ്പം തന്നെ ഗാലറികളിലും ടെലിവിഷന്‍ സെറ്റുകളുടെ മുന്നിലും വളര്‍ന്നു വന്നിരുന്നു. അവരില്‍ ചിലരെ ഇവിടെ കണ്ടത് കൊണ്ട് മാത്രം ഇതെഴുതുന്നു.ആരാധന അതിര്‍ത്തികള്‍ കടക്കുമ്പോള്‍ തന്നെയാണ് ഇതിഹാസങ്ങള്‍ ജനിക്കുന്നത്.സിയാല്‍കൊട്ടിലെ ഒരു ഗ്രീന്‍ ട്രാക്കില്‍ ഇന്ത്യ-പാക് ടെസ്റ്റ് മത്സരം നടക്കുന്നു. വഖാറിന്റെ ഒരു അതിവേഗ ബൌണ്‍സര്‍ മൂക്കിലിടിച്ചു ചോര പൊടിയുന്ന ഒരു 16 വയസ്സുകാരന്‍ പയ്യന്‍ . രംഗത്തേക്ക് സഹ ബാറ്റ്സ്മാന്‍ നവ്ജോത് സിംഗ് സിദ്ധുവും ഫിസിയോ അലി ഇറാനിയും കടന്നു വരികയാണ്.പയ്യന്റെ വിഷമത മനസ്സിലായ ഇറാനി റിട്ടയേഡ് ഹര്‍ട്ട് ആയാല്‍ വഖാറിന്റെയും വസീമിന്റെയും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാം എന്നൊരു ഓപ്ഷന്‍ മുന്നോട്ടു വക്കുന്നുണ്ട് .. "അരെ തുജെ തോ അഭി ഹോസ്പിറ്റല്‍ ജാനാ പടെഗാ ,തേരാ നാക് ടൂട്ട് ഗയാ ഹേ" ജാവേദ് മിയാന്‍ ദാദ് മുറിവില്‍ ഉപ്പ് പുരട്ടുകയാണ്..പയ്യന്‍ പതിയെ മുഖമുയര്‍ത്തി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു "മേ ഖേലെഗാ " സ്ലെട്ജ് ചെയ്യുന്ന ഫാസ്റ്റ് ബൌളറെ തെംസ് നദിയിലേക്ക് പറത്തി പന്തെടുത്ത് കൊണ്ട് വരാന്‍ പറയുന്ന വിവിയന്‍ റിച്ചാര്‍ഡ്സല്ല അയാള്‍ എന്നത് കണക്കിലെടുക്കുമ്പോള്‍ ധീരമായ ഒരു സ്റ്റേറ്റ് മെന്റ് തന്നെയായിരുന്നു അത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന 15 വയസ്സുകാരന്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ജനിച്ചിട്ട് പോലുമില്ലാത്ത ഒരു തലമുറയില്‍ പെട്ടവര്‍ക്ക് പോലും അയാള്‍ ആരാധ്യപുരുഷനായി മാറുന്നത് പ്രതിഭയെ ധൂര്‍ത്തടിച്ചു കളയാതെ പൂര്‍ണതയില്‍ എത്തിച്ച പ്രയത്നത്തിന്‍റെ ബാക്കിപത്രമാണ്.ആഭ്യന്തര മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്തു വച്ച പയ്യനെ സ്വീകരിച്ചത് ഇമ്രാന്‍ ഖാനും വസിം അക്രവും വഖാര്‍ യൂനിസുമായിരുന്നു.വഖാര്‍ എന്ന 18 കാരന്‍ അന്നൊരു Raw ഫാസ്റ്റ് ബൌളര്‍ ആയിരുന്നു എന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ മാത്രമാണു അയാള്‍ അന്ന് നേരിട്ട ആക്രമണത്തിന്റെ തീക്ഷ്ണത മനസ്സിലാകുക.വസിം അക്രം തുടര്‍ച്ചയായി പയ്യനെ ബൌന്‍സ് ചെയ്തു പുറത്താക്കാന്‍ ,അല്ലെങ്കില്‍ പരിക്കേല്‍പിച്ചു മടക്കി അയക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.അവസാനം അമ്പയര്‍ക്ക് ഇടപെടേണ്ടി വന്നു. ബാപ്ടിസം ബൈ ഫയര്‍ എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്നീട് വിശേഷിപ്പിച്ച അയാളുടെ അരങ്ങേറ്റ പരമ്പര .എല്ലാ അര്‍ത്ഥത്തിലും അതങ്ങനെ തന്നെയായിരുന്നു താനും . ഇന്നത്തെ ടിപ്പിക്കല്‍ ഫാസ്റ്റ് ബൌളിംഗ് നിരകളുടെ ഓപ്പണിംഗ് സ്പെല്‍ കഴിഞ്ഞാല്‍ പിന്നെ ബാറ്റിംഗ് കുറെ കൂടെ അനായാസമായെക്കാം എന്ന ധാരണകള്‍ക്ക് വിരുദ്ധമായി പഴയ വെസ്റ്റ് ഇന്‍ഡീസ് ബൌളിംഗ് നിരകളെ പോലെ നിര്‍ത്താതെ പെയ്യുന്ന ഫാസ്റ്റ് ബൌളര്‍മാരുടെ സംഘം .ഇമ്രാന്‍,വസിം,വഖാര്‍ .പന്ത് പഴകി കഴിയുമ്പോള്‍ ആശ്വസിക്കാം എന്ന് കരുതിയാല്‍ തെറ്റാണ്.പഴകിയ പന്തില്‍ റിവേഴ്സ് സ്വിംഗ് കണ്ടെത്തുന്നതില്‍ ഇവരെ വെല്ലാന്‍ വേറെയാരും അതിനു ശേഷം ജനിച്ചിട്ടില്ല .ആഭ്യന്തര ക്രിക്കറ്റിലെ ഫ്ലാറ്റ് / സ്പിന്‍ ട്രാക്കുകളില്‍ ശരാശരി ബൌളര്‍മാരെ നേരിട്ട് വളര്‍ന്ന പയ്യന് അക്ഷരാര്‍ത്ഥത്തില്‍ ഇത് തീക്കളിയായിരുന്നു. അയാള്‍ക്ക് മേല്‍ ക്രിയേറ്റ് ചെയ്യപ്പെട്ട ഹൈപ്പ് ,പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു.ഇത്തരം പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാതെ മറഞ്ഞു പോയവരുടെ കൂട്ടത്തിലേക്ക് ,പ്രതിഭയെ ധൂര്‍ത്തടിച്ചവരുടെ കൂട്ടത്തിലേക്ക് തന്‍റെ പേര് കൂടെ ചേര്‍ത്ത് വക്കാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്‍റെ പേരില്‍ ഉയര്‍ത്തി വിട്ട ഹൈപ്പിന്റെ ഓരോ അംശത്തിനെയും സാധൂകരിക്കുന്ന രീതിയില്‍ ഒരു കരിയറാണ് ബാക്കിയാക്കിയത്.ഭാരമേറിയ ബാറ്റുമായി ,അതിലേറെ പ്രതീക്ഷകളുടെ ഭാരം ചുമലുകളില്‍ വഹിച്ചു കൊണ്ട് ക്രീസില്‍ നിന്നിരുന്ന മനുഷ്യന്‍ കളിച്ചിട്ടുള്ള അസ്ത്രത്തിന്റെ കണിശതയുള്ള സ്ട്രെയിറ്റ് ഡ്രൈവുകളുടെ ഭംഗി കോപ്പി ബുക്കില്‍ വിവരിക്കപ്പെട്ടതിനും മേലെയായിരുന്നു.അയാളെ നിര്‍വചിക്കുന്നത് ഈ ഗെയിമിനെ നിര്‍വചിക്കുന്നതിന് തുല്യമാണ് എന്നതിനപ്പുറം വാക്കുകള്‍ കൊണ്ട് അയാളെ അമ്മാനമാടെണ്ട കാര്യമില്ല. ഒരു ഫുള്‍ ടോസ് ബൌണ്ടറി കടത്തുന്നതിന് ഒരു പക്ഷെ ഒരു ഇഷാന്ത് ശര്‍മയുടെ ബാറ്റിംഗ് മികവ് മാത്രമേ ആവശ്യമായി വരുകയുള്ളൂ എന്നിരിക്കെ ഒരു ബൌളര്‍ എങ്ങനെ എറിഞ്ഞാലും പന്ത് ബൌണ്ടറി കടത്താന്‍ കഴിവുണ്ടായിരുന്ന ഒരു മനുഷ്യന്‍ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ട് ഇവിടെയുണ്ടായിരുന്നു.അയാള്‍ക്ക് വേണ്ടിയാണ് ഇവിടെ ചരിത്രം എഴുതപ്പെട്ടത്.എഴുതപ്പെട്ട ചരിത്രത്തില്‍ അയാളുടെ കൂടെ നിന്നവരുടെ കഥകളെഴുതിയ വരികള്‍ക്ക് തെളിച്ചം കുറഞ്ഞു പോയത് അയാളുടെ തെറ്റായിരുന്നോ അതോ എഴുതിയവരുടെ സ്വാര്‍ത്ഥതയായിരുന്നോ എന്ന ചിന്ത എന്നെയും അലട്ടുന്നുണ്ട്.റെകോര്‍ഡുകള്‍ക്ക് വേണ്ടി കളിക്കുന്നവന്‍ എന്നയാളെ കുറ്റപ്പെടുത്തുന്നവര്‍ക്ക് നേരെ താനങ്ങനെയല്ല ,റെകോര്‍ഡുകള്‍ തന്‍റെ കളിയുടെ കൂടെ വരുന്നതാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും അയാള്‍ നിശബ്ദനായിരുന്നു.അയാള്‍ക്ക് വേണ്ടി ആ ജോലി ചെയ്യാന്‍ ലക്ഷങ്ങള്‍ സന്തോഷത്തോടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പ്രതിഭയുടെ ധാരാളിത്തവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് മൈതാനങ്ങളില്‍ തന്‍റെ കയ്യൊപ്പ് അവശേഷിപ്പിച്ചു കടന്നു പോയി.അയാള്‍ വിടപറയുമ്പോള്‍ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നില്‍ ചടഞ്ഞിരുന്നവരുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ നീര്‍മണികള്‍ സ്വപ്നതുല്യമായ ആ കരിയറിനോടുള്ള ആദരവായിരുന്നു. ദൈവമല്ലായിരുന്നു അയാള്‍ ,ജീനിയസായിരുന്നു..ഒരു പുഷ്പം മാത്രം ചോദിച്ചവര്‍ക്ക് ഒരു പൂക്കാലം തന്നെ നല്‍കിയ ബാറ്റ്സ്മാന്‍.പണക്കൊഴുപ്പുള്ള കുടുംബത്തില്‍ ജനിച്ചത് കൊണ്ട് മാത്രം ടീമിലെത്തിയവന്‍ ,അഹങ്കാരി എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളുടെ നടുവില്‍ ക്രീസിലെത്തി ഗാര്‍ഡ് എടുക്കുമ്പോള്‍ ആ ചെറുപ്പക്കാരനെ എതിരേറ്റത് അലക്സ് സ്റ്റുവര്‍ട്ടിന്‍റെ പരിഹാസമായിരുന്നു.“Let’s give this boy a greeting! So what if it hits his face! I know you can do it, Alan.” വിവരിക്കുന്നത് അന്ന് പന്തുമായി അയാളെ കാത്തു നിന്നിരുന്ന അലന്‍ മുല്ലാലി തന്നെയാണ്. ഗാര്‍ഡ് എടുത്തിട്ട് ആ ചെറുപ്പക്കാരന്‍ തിരിച്ചടിച്ചു. "Hello Mr. Stewart. You are a very respected cricketer. Now please keep quiet and let me make my debut." അരങ്ങേറ്റം കുറിക്കുന്ന ഒരു യുവ ഇന്ത്യന്‍ ബാറ്റ്സ്മാനില്‍ നിന്നും അവര്‍ പ്രതീക്ഷിച്ചിരുന്ന പ്രതികരണമല്ലായിരുന്നു അത്.സ്റ്റുവര്‍ട്ട് അല്‍പമൊന്നു പരുങ്ങിയതോടെ പൊതുവില്‍ ഇംഗ്ലീഷ് ടീം മൊത്തത്തില്‍ അല്പമൊരു സംശയത്തിലായിരുന്നു.അലന്‍ മുല്ലാലി ഇടതു കയ്യില്‍ പന്തുമായി തന്‍റെ റണ്‍ അപ്പ് ആരംഭിച്ചു.റെസ്റ്റ് ഈസ് ഹിസ്റ്ററി ..ഇടതു കയ്യന്റെ അനായസതയെ പറ്റി നമ്മള്‍ പല തവണ പറഞ്ഞു കഴിഞ്ഞതാണ്.ഡേവിഡ് ഗവറിനും ബ്രയാന്‍ ലാറക്കും സാധ്യമായിരുന്ന അനായാസതയോടെ ഒരിന്ത്യന്‍ ബാറ്റ്സ്മാന്‍ കുലീനമായ സ്ട്രോക്കുകള്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ലീഷ് ബൌളര്‍മാരും ഇംഗ്ലീഷ് സാഹചര്യങ്ങളും അല്പമൊന്നു അമ്പരക്കാതിരുന്നില്ല.ഓഫ് സ്റ്റമ്പിനു പുറത്ത് സൌരവ് ഗാംഗുലി കാട്ടിയ ആധിപത്യം പലതിന്റെയും സൂചനയായിരുന്നു.അലസമായി മുന്നോട്ടു ലീന്‍ ചെയ്തു കൊണ്ട് ബാറ്റിന്റെ ഫുള്‍ ഫേസ് പ്രസന്റ് ചെയ്തു കൊണ്ടുള്ള ആകര്‍ഷകമായ ഡ്രൈവുകള്‍ ക്രിക്കറ്റിന്റെ മെക്കയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് .ഒരു പരാജയം ഒരു പക്ഷേ തന്‍റെ കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാമെന്ന ഘട്ടത്തില്‍ arrogant എന്ന് വിശേഷിപ്പിക്കാവുന്ന ഒരിടത് കയ്യന്‍ ബാറ്റ്സ്മാന്‍ ലോര്‍ഡ്സിലെ അഭിജാതരായ കാണികള്‍ക്ക് ഓഫ് സൈഡില്‍ ഒരു വിരുന്നൊരുക്കിയ കാഴ്ച .അതെ ലോര്‍ഡ്സിനു തന്നെ അയാളുടെ മറ്റൊരു മുഖവും കാണേണ്ടി വന്നു.ലോര്‍ഡ്സില്‍ തന്‍റെ ജേഴ്സി വലിച്ചൂരി കൊണ്ട് അലറിയ നായകന്‍ പ്രതിഷേധിച്ചത് മാന്യന്മാരുടെ ഗെയിം എന്ന് പേരിട്ടു വിളിക്കുന്ന ഈ ഗെയിമില്‍ മാന്യത കാട്ടാനുള്ള ധാര്‍മിക ഉത്തരവാദിത്വം കുറച്ചു രാജ്യങ്ങള്‍ക്ക് മാത്രമായി ഒതുക്കി വച്ചിരിക്കുന്ന നിയമസംഹിതകള്‍ക്കെതിരെയായിരുന്നു. അത്തരമൊരു മാന്യതയുടെ മൂടുപടം അയാള്‍ക്ക് ആവശ്യമില്ലായിരുന്നു.ഇടതു കയ്യന്‍ ബാറ്റ്സ്മാന്റെ കുലീനത സ്റ്റാമ്പ് ചെയ്തു വച്ച ഷോട്ടുകളുമായി സൌരവ് ഗാംഗുലിയും അയാളുടെ അറ്റിട്ട്യുഡും ആരാധകരുടെ മനസ്സുകളിലേക്കാണ് കയറിച്ചെന്നത് .വര്‍ഷങ്ങള്‍ക്ക് മുന്നേ മൊഹാലിയില്‍ കടുത്ത പുറം വേദന കൊണ്ട് കഷ്ടപ്പെടുമ്പോഴും ചോരയുടെ ഗന്ധം ശ്വസിച്ചു വേട്ടക്കിറങ്ങിയ ഒരു കൂട്ടം ഓസ്ട്രേലിയന്‍ ബൌളര്‍മാര്‍ക്ക് നിറയെ സുഷിരങ്ങള്‍ വീണ ഒരു മതിലിനു ഇപ്പുറം നിന്നു കൊണ്ട് വിജയം നിഷേധിച്ച വി.വി .എസ് ലക്ഷ്മണ്‍ എന്ന പ്രതിഭാശാലിയെ കണ്ടിരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന പാക്കിസ്ഥാനി ആരാധകന്‍ ചോദിച്ചത് ഓര്‍മയുണ്ട് ഇപ്പോഴും. മിച്ചല്‍ ജോണ്‍സന്റെ ത്രോട്ട് ലെവലില്‍ ഉയര്‍ന്നു വരുന്ന ഷോര്‍ട്ട് പിച്ച് പന്തിനെ (പുള്‍ ഷോട്ടിനെ പ്രതിരോധിക്കാന്‍ പോണ്ടിംഗ് നിര്‍ത്തിയ ഡീപ് മിഡ് വിക്കറ്റിനെയും ഡീപ് സ്ക്വയര്‍ ലെഗിനെയും കാഴ്ചക്കാരാക്കി നിര്‍ത്തി കൊണ്ട് ) റിസ്റ്റ് റോള്‍ ചെയ്തു കൊണ്ടൊരു മനോഹരമായ പുള്‍ ഷോട്ടിലൂടെ അതിര്‍ത്തി കടത്തുന്ന കാഴ്ച അദ്ഭുതത്തോടെ കണ്ടിരിക്കുമ്പോള്‍ ആ സുഹ്ര്യത്തിന്‍റെ ചോദ്യം കടന്നു വന്നു. എങ്ങനെയാണ് ഈ മനുഷ്യനെ നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് മറുപടി എന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല.ആ കൈത്തണ്ടകളില്‍ വിലങ്ങുകളുടെ ഭാരം അണിയിച്ചത് നിങ്ങള്‍ തന്നെയാണല്ലോ എന്ന അയാളുടെ വാക്കുകള്‍ അര്‍ഹതയെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന തമ്പുരാക്കന്മാരുടെ ഓര്‍മകളിലേക്ക് കൊണ്ട് പോയി എന്ന് മാത്രം.വന്‍ മതിലില്‍ ചാരി നിന്ന് കൊണ്ട് ഒരു മാന്ത്രികന്‍ തന്‍റെ കയ്യില്‍ ഒളിഞ്ഞിരുന്ന ജാല വിദ്യകള്‍ ഓരോന്നായി പുറത്തെടുത്ത കൊല്‍ക്കത്തയിലെ 2 ദിവസങ്ങള്‍ .അവിസ്മരണീയമായ നിമിഷങ്ങള്‍ ക്രിക്കറ്റില്‍ പലതും കണ്ടിട്ടുണ്ടെങ്കിലും ഇതിനപ്പുറം തിളക്കമുള്ളത് വേറെയൊന്നുമില്ല.. ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവങ്ങളുടെയും അര്‍ദ്ധദൈവങ്ങളുടെയും ഇടയിലേക്ക് കടന്നു വന്ന ഈ മനുഷ്യന് നിവര്‍ന്നിരിക്കാന്‍ കുലീനതയുടെ അടയാളങ്ങളായ സിംഹാസനങ്ങള്‍ ഒന്ന് പോലുംഒഴിവുണ്ടായിരുന്നില്ല.ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞത് പോലെ ഓരോ പരമ്പരക്ക് ശേഷവും തലക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്ന ഡെമോക്ലീസിന്റെ വാള്‍ മാത്രമായിരുന്നു പ്രതിഫലം ..ഈഡനിലെ ആയൊരു മാജിക്കല്‍ ഇന്നിംഗ്സ് ,ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തെ തന്നെ പുനര്‍ നിര്‍വചിച്ച ചെയ്ത ആ പ്രകടനം പോലും ഒരിക്കലും ഒരു മാറ്റത്തിന്‍റെ തുടക്കമായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റും ആരാധകരും വീണ്ടും വിഗ്രഹാരാധനയില്‍ തന്നെ വിശ്വസിച്ചു.തന്‍റെ തലയില്‍ ചവിട്ടി ദിനേശ് മോംഗിയമാര്‍ മഹത്തായ വേദികളിലേക്ക് കയറിപോകുന്നത് വേദനയോടെ മാത്രം വി.വി.എസ് കണ്ടു നിന്നു.അവര്‍ക്ക് കയറിപോകാനുള്ള ഏണികള്‍ അയാളുടെ തലക്ക് മീതെ ഉറപ്പിച്ചു നിര്‍ത്തിയവരില്‍ അയാള്‍ സ്നേഹിച്ച പല മുഖങ്ങളും ഉണ്ടായിരുന്നു എന്നത് ആ വേദനയുടെ ആഴം കൂട്ടിയതെയുള്ളൂ ..ദൈവങ്ങളും അര്‍ദ്ധ ദൈവങ്ങളും വച്ചാരാധിക്കപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ അയാളെ പോലുള്ളവര്‍ എന്നും തീണ്ടാപ്പാടകലെ തന്നെയായിരുന്നു. ക്ലാസ് സ്റ്റാമ്പ് ചെയ്തു വച്ച അയാളുടെ ഒരു എലഗന്റ്റ് ഫ്ലിക് മിഡ് വിക്കറ്റിലൂടെ ബൌണ്ടറി കടക്കുമ്പോള്‍ കണ്ടിരിക്കുന്നവരുടെ മുഖത്ത് നിഴലിക്കുന്ന ആശ്ചര്യ ഭാവത്തോളം തന്നെ എന്നെ ആകര്‍ഷിച്ചതാണ് ഞാന്‍ എറിഞ്ഞത് ഓഫ് സ്റ്റമ്പിനു പുറത്താണെന്ന് ക്യാപ്റ്റനു വിശദീകരിച്ചു കൊടുത്തു നിസ്സഹായതയോടെ നില്‍ക്കുന്ന ബൌളര്‍ എന്ന കാഴ്ചയും..മനസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഷ്ഠകള്‍ക്കെല്ലാം മുകളില്‍ അദ്ദേഹത്തെ നിര്‍ത്തുന്നത് ഏതൊരു ആള്‍ക്കൂട്ടത്തിലും വേറിട്ട് നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ ശൈലിയെ സ്നേഹിക്കുന്നത് കൊണ്ട് തന്നെയാണ് ..Sambit Bal ക്രിക്ക് ഇന്‍ഫോയില്‍ 2010 ല്‍ എഴുതിയ ഒരു മനോഹര ലേഖനമുണ്ട്..The steel Beneath the Silk ..വി.വി.എസിന്‍റെ സ്ട്രോക്കുകളുടെ ഭംഗിയില്‍ ലയിച്ചിരിക്കുന്നവര്‍ ,അതിനെ ആരാധിക്കുന്നവര്‍ അയാളുടെ മനക്കരുത്തിനെ മറന്നു പോകുന്ന അവസ്ഥ ഒന്നാന്തരമായി വിവരിച്ചിരിക്കുന്നു ..ട്രിക്കിയസ്റ്റ് നാലാം ഇന്നിംഗ്സ് ചേസുകളെ അയാള്‍ നിയന്ത്രിച്ച രീതി പ്രകടമാക്കിയത് അയാളുടെ ക്ലാസ് മാത്രമല്ലായിരുന്നു ..ഓണ്‍ സൈഡ് ഫ്ലിക്കുകളുടെ പേരില്‍ മാത്രം ക്രിക്കറ്റ് ലോകം സ്മരിക്കേണ്ട ഒരു ബാറ്റ്സ്മാന്‍ അല്ല വി.വി.എസ് ലക്ഷ്മണ്‍ എന്നതാണ് യാഥാര്‍ത്ഥ്യം .ഓസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ് മത്സരം.ഗ്ലെന്‍ മഗ്രാത്തിന്‍റെ ഒരോവര്‍ ..ആദ്യ പന്ത് ഓഫ് സ്റ്റമ്പിനു പുറത്ത് , ക്രീസിലുള്ള ബാറ്റ്സ്മാന്‍ ലീവ് ചെയ്യുന്നു ,വീണ്ടും അതേപോലെ തന്നെയുള്ള അഞ്ചു പന്തുകള്‍ കോറിഡോര്‍ ഓഫ് അണ്‍ സര്‍ട്ടനിറ്റിയില്‍ വരുന്നു ,ബാറ്റ്സ്മാന്‍ യാതൊരു മടിയും കൂടാതെ ഓവറിലെ ആറു പന്തും ലീവ് ചെയ്യുന്നു. ഗില്ലസ്പിയുടെ അടുത്ത ഓവറിനു ശേഷം വീണ്ടും മഗ്രാത്ത് ആ ബാറ്റ്സ്മാന് നേരെ പന്തെറിയുന്നു. ഓഫ് സ്റ്റമ്പിനു പുറത്തു ലോകത്തെ മറ്റേതൊരു ബാറ്റ്സ്മാനെയും പ്രലോഭിപ്പിക്കുന്ന 6 പന്തുകള്‍.ബാറ്റ്സ്മാന്‍ അചഞ്ചലനായി ആദ്യത്തെ 3 പന്തും ലീവ് ചെയ്യുന്നു. നാലാം സ്റ്റമ്പ് ലൈനില്‍ നിന്നും അല്‍പം കൂടെ ഓഫ് സ്റ്റമ്പിനോട് ചേര്‍ത്ത് അടുത്ത 2 പന്തുകള്‍.ബാറ്റ്സ്മാന് പക്ഷെ തന്‍റെ ഓഫ് സ്റ്റമ്പ് എവിടെയെന്നു ക്ര്യത്യമായ ധാരണയുണ്ട്.അയാള്‍ ആ പന്തുകളും ക്ര്യത്യമായി ലീവ് ചെയ്യുന്നു.മഗ്രാത്ത് ഇടക്ക് നിയന്ത്രണം നഷ്ടപ്പെട്ടു താന്‍ ഓഫ് സ്റ്റമ്പിനു പുറത്തു പോകുന്ന പന്തുകള്‍ കളിക്കില്ലെ എന്ന് ചോദിക്കുന്നുണ്ട്.പക്ഷെ ബാറ്റ്സ്മാന്‍ ഒരു യോഗിയെ പോലെ ശാന്തനാണ്. ഗത്യന്തരമില്ലാതെ മഗ്രാത്ത് അവസാന പന്ത് മിഡില്‍ സ്റ്റമ്പിലാണ് എറിയുന്നത്.സ്ട്രെയിറ്റ് ബാറ്റ് ഉപയോഗിച്ച് പന്ത് പ്രതിരോധിക്കുന്ന ബാറ്റ്സ്മാന്‍.രാഹുല്‍ ശരദ് ദ്രാവിഡ് ക്രീസില്‍ ചിലവഴിച്ച സമയം ഇന്ത്യന്‍ ക്രിക്കറ്റിനു നന്ദിയോടെ മാത്രമേ എന്നും സ്മരിക്കാന്‍ കഴിയൂ.അയാള്‍ ഒഴിവാക്കിയ പന്തുകള്‍ പലപ്പോഴും മറ്റു പലര്‍ക്കും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നില്ല..അവര്‍ ഷോട്ടുകള്‍ കളിച്ചു കൊണ്ടിരുന്നു ,ചിലപ്പോള്‍ പന്ത് ബൌണ്ടറി കടന്നിരുന്നു,ചിലപ്പോള്‍ ഫീല്‍ഡര്‍മാരുടെ കൈകളില്‍ ഒതുങ്ങിയിരുന്നു. സ്ട്രോക്കുകള്‍ കളിക്കാതെ ഇരിക്കുന്നത് അയാളുടെ കഴിവ് കേടായി കരുതിയവര്‍ ധാരാളം ഉണ്ടായിരുന്നു.അതങ്ങനെ ആയിരുന്നില്ല ,ഒഴിവാക്കി വിട്ട പന്തുകളുടെ കൂടെ ബലത്തില്‍ ചെറിയ ഇഷ്ടിക കഷണങ്ങള്‍ അടുക്കി വച്ച് മന്ത്രവിദ്യകള്‍ വശമില്ലാത്ത ആശാരിയെ പോലെ അയാള്‍ മതില്‍ പണിതു കൊണ്ടിരുന്നു.ചുറ്റുമുള്ളവര്‍ അതെപ്പോള്‍ പൂര്‍ത്തിയാകും എന്നോര്‍ത്ത് ആശ്ചര്യപ്പെട്ടിരുന്നപ്പോഴും പരിഹസിച്ചപ്പോഴും അയാളുടെ എകാഗ്രതക്ക് ഭംഗം സംഭവിച്ചില്ല. ദ്രാവിഡ് ക്രിക്കറ്റ് എന്ന ഗെയിമില്‍ പന്ത് ലീവ് ചെയ്യുന്നത് ഒരു കഴിവ് തന്നെയാണ് എന്നോര്‍മിപ്പിച്ചു കൊണ്ടിരുന്നു. കാലം ചെന്നപ്പോള്‍ അടുക്കി വച്ചിരുന്ന ഇഷ്ടികകള്‍ക്ക് ഇടയിലെ വിടവുകള്‍ക്ക് വലുപ്പം കൂടിയത് ആദ്യമായി തിരിച്ചറിഞ്ഞതും അയാള്‍ തന്നെയായിരുന്നു.തന്‍റെ പണിയെ കുറ്റം പറയാന്‍ അധികമാരെയും അനുവദിക്കാതെ അയാള്‍ നിശബ്ദനായി കളമൊഴിഞ്ഞു..ചെയ്തു കൊണ്ടിരുന്നത് നന്ദി കെട്ട പണിയായിരുന്നു എന്നയാള്‍ക്കറിയാമായിരുന്നു ..നന്ദി അയാള്‍ക്ക് ലഭിച്ചുമില്ല ..അയാള്‍ നന്ദി പ്രതീക്ഷിച്ചിരുന്നതുമില്ല .ലോജിക്കുകള്‍,നിയമങ്ങള്‍,ധാരണകള്‍ എല്ലാം ലംഘിക്കുന്നവര്‍ ആ കാലത്ത് വളരെ കുറവായിരുന്നു.നജഫ് ഗഡില്‍ നിന്നും വന്ന ചെറുപ്പക്കാരന് പതിവ് രീതികള്‍ അത്ര പഥ്യമായിരുന്നില്ല.മറ്റുള്ളവര്‍ ചെയ്യാന്‍ മടിച്ചു നില്‍ക്കുന്നത് അയാള്‍ അനായാസമായി ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കറാകാന്‍ കൊതിച്ചു നജഫ് ഗഡില്‍ നിന്നും യാത്ര തുടങ്ങിയ പയ്യന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലൂഫൌണ്ടേയിനിലെ പേസി ട്രാക്കില്‍ (സ്ട്രോക്ക് ഫോര്‍ സ്ട്രോക്ക് ) മാസ്റ്ററെ മാച്ച് ചെയ്യുന്ന കാഴ്ച അദ്ഭുതകരം തന്നെയായിരുന്നു.ഫുട്ട് വര്‍ക്ക് ശരിയല്ലെന്ന് പറഞ്ഞു നെറ്റി ചുളിച്ചവര്‍ കണ്ണടച്ച് തുറക്കുമ്പോള്‍ പന്ത് അതിര്‍ത്തികള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.വീരേന്ദ്ര സെവാഗിന്‍റെ കരുത്ത് തന്നെയാണ്. കരിയറിന്റെ ഇങ്ങേയറ്റത്ത് അയാളുടെ ദൌര്‍ബല്യമായി മാറിയതെങ്കിലും അയാളുടെ സുവര്‍ണകാലം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും സുവര്‍ണ കാലമായിരുന്നു.ടെസ്റ്റ് ക്രിക്കറ്റിനു യോജിക്കാത്തവന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഇമ്പാക്റ്റ് പ്ലെയര്‍മാരില്‍ ഒരാളായി മാറിയ കാഴ്ച. മറ്റേതെങ്കിലും ഒരിന്ത്യന്‍ ബാറ്റ്സ്മാന്‍ തന്‍റെ അറ്റിട്ട്യുദ് ഇതിലും മനോഹരമായി ബാറ്റ് കൊണ്ട് കാട്ടികൊടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല.90 ആം വയസ്സില്‍ വടിയും കുത്തിപ്പിടിച്ചു ബാറ്റ് ചെയ്യാന്‍ വന്നാലും അയാള്‍ ആദ്യ പന്ത് മുതല്‍ ആക്രമിച്ചേക്കും എന്നെനിക്ക് ഉറപ്പുണ്ട്.അയാളുടെ ട്വീറ്റുകള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കുമ്പോള്‍ തന്നെ ഞാനയാളുടെ അപ്പര്‍ കട്ടുകള്‍ ആസ്വദിക്കുകയാണ് .എന്തിനാണ് ഈ മഹാരഥന്മാരുടെ ഇടയിലേക്ക് ഇയാളെ കൊണ്ട് വന്നു നിര്‍ത്തുന്നത് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമുണ്ട്.അദ്ദേഹത്തിന്‍റെ ആരാധകരെ ത്ര്യപ്തിപെടുത്താനല്ല .പേര്‍സണലി എനിക്ക് താല്‍പര്യമില്ലാത്ത ഒരു ക്രിക്കറ്റര്‍.പക്ഷെ ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും അയാളെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്താനാവില്ല.ഒരിക്കല്‍ ഒരു സുഹ്ര്യുത്തുമായി സംസാരിക്കുമ്പോള്‍ അയാളുടെ കാടന്‍ ഷോട്ടുകളുടെ ഭംഗിയില്ലായ്മയെ കുറിച്ച് തര്‍ക്കിച്ച എന്നിലെ പാരമ്പര്യ വാദിയെ എനിക്കോര്‍മയുണ്ട്.അയാള്‍ കളിക്കുന്ന കാടന്‍ ഷോട്ടുകള്‍ അതിര്‍ത്തി കടക്കുമ്പോള്‍ ലഭിക്കുന്നതും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കുന്ന ഒരു പിക്ചര്‍ പെര്‍ഫക്റ്റ് കവര്‍ ഡ്രൈവ് ബൌണ്ടറി റോപ് സ്പര്‍ശിക്കുമ്പോഴും ലഭിക്കുന്നത് 4 റണ്‍സ് തന്നെയാണ് എന്ന കൂട്ടുകാരന്റെ മറുപടി അന്ന് ദഹിച്ചില്ലെങ്കിലും പിന്നീട് മനസ്സിലായിരുന്നു.എല്ലാറ്റിനുമൊടുവിൽ ആത്യന്തികമായി ബാക്കിയാകുന്നത് ക്രിക്കറ്റ് മാത്രമാണ് . ഇപ്പോഴും വെള്ളിയാഴ്ചകളിലെ പ്രഭാതങ്ങളെ മനോഹരമാക്കുന്ന ഈ ഗെയിം ...3 മണിക്കൂര്‍ നേരം മറ്റുള്ളതെല്ലാം മറന്നു ലയിക്കുകയാണ് ഞങ്ങള്‍ ഇപ്പോഴും .. അലോസരപ്പെടുത്താന്‍ ആരുമില്ലാതെ ഞങ്ങള്‍ക്ക് മാത്രം സ്വന്തമായ പ്രഭാതങ്ങള്‍ ..ഇടക്ക് ഞങ്ങളിവരെ ഓര്‍ക്കുന്നുണ്ട് .പുതിയ കളിക്കാരുമായി അവരെ താരതമ്യം ചെയ്യാറുണ്ട് .എങ്ങനെ കൂട്ടിയും കുറച്ചും നോക്കിയാലും അഞ്ചു പേര്‍ ഇരിക്കുന്ന തട്ടുകള്‍ ഒരിക്കലും താഴാറില്ല .പുതിയ തലമുറയിലെ കളിക്കാരില്‍ ഇവരേക്കാള്‍ തിളക്കമുള്ളവരെ കാണുമ്പോഴും ചിലപ്പോഴൊക്കെ അവഗണിക്കുന്നത് മനപൂര്‍വമല്ല . .ഇവര്‍ ഞങ്ങളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് .. അവരിങ്ങനെ തോല്‍വിയറിയാതെ ഞങ്ങളുടെ മനസ്സുകളിലെങ്കിലും ഉറച്ചിരിക്കട്ടെ ..ഞങ്ങള്‍ക്കറിയാം മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഈ ഗെയിമില്‍ ഇവരേക്കാള്‍ മികച്ചവര്‍ വന്നു കൊണ്ടിരിക്കുമെന്നു .
No comments: