ഇവനാണ് യഥാര്‍ത്ഥ ക്രിക്കറ്റ് ഫാന്‍ .സച്ചിൻ ഔട്ട് ആയപ്പോൾ പുള്ളി ഗ്രൗണ്ട് വിട്ട് പോയിട്ടില്ല സച്ചിൻ വിരമിച്ചപ്പോൾ പുള്ളി കളി കാണാൻ നിർത്തിയില്ല.
അഡ്‌ലെയ്ഡ്, മെല്‍ബണ്‍, പെര്‍ത്ത്, ഹാമില്‍ട്ടണ്‍, ഓക്‌ലന്‍ഡ്. ഇന്ത്യ എവിടെ കളിക്കുന്നുവോ അവിടെ അയാളുണ്ട്. എങ്കിലും ഒരു ചില്ലിക്കാശിന്റെ വരുമാനമില്ല അയാള്‍ക്ക്.ബാന്ദ്രയിലെ സച്ചിന്റെ ബംഗ്ലാവിലെ സന്ദര്‍ശകനാണയാള്‍. ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട താരത്തിനാപ്പം അത്താഴം കഴിക്കാറുമുണ്ടയാള്‍.എന്നാല്‍, സ്വന്തം അച്ഛനോട് അവസാനമായി സംസാരിച്ചത് എപ്പോഴാണെന്ന് ഓര്‍മയില്ല അയാള്‍ക്ക്.സ്മാര്‍ട്ട്‌ഫോണ്‍ ചത്തുപോവാതിരിക്കാന്‍ കൈയിലൊരു പവര്‍ബാങ്ക് ഉണ്ട്. ആരാണ്, എപ്പോഴാണ് വിളിക്കുന്നതെന്ന് അറിയില്ലല്ലൊ.എന്നാല്‍, സ്വന്തം സഹോദരി വിളിക്കുമ്പോള്‍ ഒരിക്കല്‍പ്പോലുംഫോണെടുക്കാറില്ല അയാള്‍.ഇത് സുധീര്‍കുമാര്‍ ചൗധരി. അഥവാ സുധീര്‍ ഗൗതം. ഇന്ത്യയുടെ ഏറ്റവും പ്രശസ്തനായ സൂപ്പര്‍ഫാന്‍.സുധീറിനെ അറിയാത്തവര്‍ ചുരുങ്ങും. കാരണം അയാള്‍ ശംഖ് മുഴക്കാതെ ഇന്ത്യയുടെ ഒരു മത്സരവും തുടങ്ങില്ല. അയാള്‍ കൊടി വീശാതെ ഇന്ത്യയുടെ ഒരു സെഞ്ച്വറി ആഘോഷവും പൂര്‍ണമല്ല. 2011 ഏപ്രില്‍ രണ്ടിന് അര്‍ധരാത്രി വാങ്കഡെ സ്‌റ്റേഡയത്തിന്റ മട്ടുപ്പാവില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം നമ്മള്‍ അയാളെ കണ്ടതാണ്. പത്രങ്ങളിലെയും റേഡിയോയിലെയും ടിവിയിലെയും പരസ്യങ്ങളിലെല്ലാം അയാളുണ്ട്. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഭാഗ്യം സിദ്ധിച്ച പതിനഞ്ച് പേരില്‍ ഒരാളല്ല. എന്നിട്ടും എവിടെ ക്രിക്കറ്റുണ്ടോ അവിടെ അയാളുണ്ട്.<span style="box-sizing: border-box;">എന്നാല്‍, ഈ സുധീറിനെ നമ്മള്‍ ശരിക്കും അറിയുമോ?</span>ഇന്നു കാണുന്ന ഈ ജീവിത്തെ വരിക്കാന്‍ മൂന്ന് ജോലികള്‍ കളഞ്ഞയാളാണെന്ന് അറിയുമോ? ആദ്യം ബിഹാറിലെ മുസഫര്‍പുരിലെ സുധാ ഡയറിയിലേത്. അവിടെ കല്‍ക്കണ്ടം മുതല്‍ പാല്‍ക്കട്ടി വരെ ഉണ്ടാക്കുന്ന ഓള്‍റൗണ്ടറായിരുന്നു താനെന്ന് സുധീര്‍ പറയുന്നു. പണി പഠിച്ചുകഴിഞ്ഞ് ആദ്യ കിട്ടിയ അവസരത്തില്‍ തന്നെ അയാള്‍ അവിടുന്ന് ചാടി. ആ പണം കൊണ്ടാണ് ഇന്ത്യന്‍ ടീമിനൊപ്പം വിദേശത്ത് പോവാനായി പാസ്‌പ്പോര്‍ട്ടെടുത്തത്.അടുത്ത അവസരം ശിക്ഷ മിത്രയിലായിരുന്നു. പാര്‍ട് ടൈം ജോലി ആയതിനാല്‍ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിച്ചു നടക്കാന്‍ യഥേഷ്ടം സമയം കിട്ടി. ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്താല്‍ ജോലി സ്ഥിരമാകും. എന്നാല്‍, സുധീര്‍ ചെയ്തത് സൈക്കിളുമെടുത്ത് നേരെ പാകിസ്താനിലേയ്ക്ക് പോവുകയാണ്. ജോലിയിലെ രണ്ടാമിന്നങ്‌സിന് അങ്ങനെ തിരശ്ശീല വീണു.2005ല്‍ റെയില്‍വെയില്‍ ടിക്കറ്റ് കളക്ടറുടെ പ്രാഥമിക പരീക്ഷയും ശാരീരികക്ഷമതാ പരീക്ഷയും പാസായതാണ്. ഹൈദരാബാദിലെ ഗോഡയിലായിരുന്നു പോസ്റ്റിങ്. ഡെല്‍ഹിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആറാം ഏകദിനത്തിന്റെ നടക്കുന്ന ദിവസമായിരുന്നു ഇന്റര്‍വ്യൂ. പാക് പ്രസിഡന്റ് പര്‍വെസ് മുഷറഫും വരുന്നുണ്ട് കളി കാണാന്‍. സുധീറിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഇന്റര്‍വ്യൂവിന്റെ കത്ത് കീറിയെറിഞ്ഞ് നേരത്തെ ഡല്‍ഹിക്ക് വച്ചുപിടിച്ചു.സുധീര്‍ സംസാരിക്കാനിരിക്കുന്നത് അടിമുടി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനായാണ്. തെണ്ടുല്‍ക്കര്‍ സമ്മാനിച്ചതാണ് അഡിഡാസ് ഷൂസ്. ഇന്ത്യന്‍ ടീമംഗങ്ങള്‍ പരിശീലന സമയത്ത് ധരിക്കുന്ന പാന്റും തൊപ്പിയുമെല്ലാം സംഭാവന ചെയ്തത് ഇന്ത്യന്‍ ടീം മാനേജര്‍ രമേഷ് മാനെ.സുധീര്‍ ഒരു ചോദ്യവും പൂര്‍ത്തിയാവാന്‍ കാത്തിരിക്കില്ല. അത്രമേല്‍ പരിചിതമാണയാള്‍ക്ക് ഓരോ ചോദ്യവും. പഠിച്ചുറപ്പിച്ചതാണ് അവയ്ക്കുള്ള റെഡിമെയ്ഡ് ഉത്തരങ്ങളും. കുട്ടിക്കാലത്ത് ഞാന്‍ സച്ചിന്‍ സാറിനുവേണ്ടി മാത്രമായിരുന്നു ക്രിക്കറ്റ് കണ്ടിരുന്നത്.-സുധീര്‍ പറയുന്നു. സുധീര്‍ എന്നും സച്ചിനെ ഇങ്ങനെ മാത്രമേ വിശേഷിപ്പിച്ചുകേട്ടിട്ടുള്ളൂ. ഒരിക്കല്‍പ്പോലും തെണ്ടുല്‍ക്കര്‍ എന്ന പേര് ആ നാവില്‍ നിന്നു വീണിട്ടില്ല.2003ല്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡു പങ്കെടുത്തൊരു ത്രിരാഷ്ട്ര ടൂര്‍ണമെന്റ് ഉണ്ടായിരുന്നു. നവംബര്‍ ഒന്നിനായിരുന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ മത്സരം. ഞാന്‍ ഒക്‌ടോബര്‍ എട്ടിന് സൈക്കിളുമെടുത്ത് വീട്ടില്‍ നിന്നിറങ്ങി. ദീപാവലി ദിനമായ ഒക്‌ടോബര്‍ 24ന് മുംബൈയിലെത്തി. ഒരു ദിവസം മുഴുവന്‍ സച്ചിന്‍ സാറിന്റെ വീടും അന്വേഷിച്ച് നഗരത്തില്‍ കറങ്ങി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസില്‍ ചെന്ന് രത്‌നാകര്‍ ഷെട്ടിയെയും ലാല്‍ചന്ദ് രാജ്പുത്തിനെയും കണ്ടു. ഞാനവരോട് പറഞ്ഞു. ഞാന്‍ പാസിനു വന്നതല്ല. എനിക്ക് കളി കാണേണ്ട. ഒന്ന് സച്ചിന്‍ സാറിനെ കണ്ടാല്‍ മതി. അവരെന്നെ ആട്ടി ഓടിച്ചു-സുധീര്‍ കഥ പറയുകയാണ്.ചില പത്രക്കാരാണ് സച്ചിന്‍ അന്ന് ട്രൈഡന്റ് ഹോട്ടലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്ന വിവരം സുധീറിനോട് പറഞ്ഞത്. സുധീര്‍ സൈക്കിളുമായി ഹോട്ടലിലെത്തി. ഏറെ നേരെ അവിടെ കാത്തുനിന്നു.സച്ചിന്‍ സാര്‍ എത്തിയപ്പോള്‍ ഫോട്ടോഗ്രാഫര്‍മാരെല്ലാം അദ്ദേഹത്തിന്റെ ഫോട്ടോ തിരക്കുകൂട്ടി. സൈക്കിള്‍ വലിച്ചെറിഞ്ഞ്, ആള്‍ക്കൂട്ടത്തിലൂടെ തള്ളിക്കയറി, സെക്യൂരിറ്റിക്കാരെ തള്ളിമാറ്റി ഓടിച്ചെന്ന് ഞാന്‍ ജീവിതത്തില്‍ ആദ്യമായി സച്ചിന്‍ സാറിന്റെ കാല് തൊട്ടു. സച്ചിന്‍ സര്‍ പറഞ്ഞു. സുധീര്‍, എന്റെ വീട്ടിലേയ്ക്ക് വരൂ.ഒക്‌ടോബര്‍ 29ന് സുധീര്‍ സച്ചിന്റെ വീട് സന്ദര്‍ശിക്കുക മാത്രമല്ല, അവിടുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. വരാനിരിക്കുന്ന ഏകദിനത്തിനുള്ള പാസും കൊടുത്താണ് സച്ചിന്‍ അന്ന് സുധീറിനെ മടക്കിയത്.അടുത്ത തവണ ഞാന്‍ സച്ചിന്‍ സാറിനെ കണ്ടപ്പോള്‍ എന്റെ ഡിഗ്രി പരീക്ഷ അുത്തുവരികയായിരുന്നു. പോയി പരീക്ഷയെഴുതി വരാനാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അപ്പോഴായിരുന്നു കട്ടക്കില്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിനം. പരീക്ഷ എപ്പോള്‍ വേണമെങ്കിലും എഴുതാമല്ലോ. ഞാന്‍ കളി കാണാന്‍ പോയി. ഇന്ത്യ കഷ്ടപ്പെടുകയായിരുന്നു കളിയില്‍. സച്ചിന്‍ സര്‍ കളിക്കുമ്പോള്‍ ഞാന്‍ ഗ്രൗണ്ടിലേയ്ക്ക് ഓടിച്ചെന്ന് അദ്ദേഹത്തിന്റെ കാല്‍ തൊട്ടു. അപ്പോഴേയ്ക്കും പോലീസുകാര്‍ എന്ന പിടികൂടി. ഇനി ഗ്രൗണ്ടിലേയ്ക്ക് വരരുതെന്ന് സച്ചിന്‍ സാര്‍ എന്നോടു പറഞ്ഞു. എന്നെ തല്ലരുതെന്ന് പോലീസുകാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. അവരെന്നെ തല്ലിയില്ല. തൂക്കി ഗ്രൗണ്ടിന്റെ പുറത്ത് തള്ളി.പിന്നീട് ഹൈദരാബാദ് ലാല്‍ ബഹാദുര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നന്നായാണ് കളിച്ചത്. സച്ചിന്‍ സര്‍ സെഞ്ച്വറിയും നേടി. ഇന്ത്യ മോശമായി കളിക്കുമ്പോള്‍ ഗ്രൗണ്ടിലേയ്ക്ക് ഓടിച്ചെല്ലാമെങ്കില്‍ സച്ചിന്‍ സര്‍ സെഞ്ച്വറി നേടിയപ്പോള്‍ പോവാതിരിക്കുന്നതെങ്ങനെ-സുധീര്‍ ചോദിക്കുന്നു. ഗ്യാലറിയില്‍ നിന്ന് നേരെ ഗ്രൗണ്ടിലേയ്ക്ക് വച്ചുപിടിച്ചു ഒരിക്കല്‍ക്കൂടി. ഗ്രൗണ്ടിലേയ്ക്ക് വരരുതെന്ന് സച്ചിന്‍ പിന്നെയും പറഞ്ഞു സുധീറിനോട്. ഇക്കുറി തല്ലരുതെന്ന സച്ചിന്റെ അഭ്യര്‍ഥന പോലീസുകാര്‍ ചെവിക്കൊണ്ടില്ല. സുധീറിന് പൊതിരെ തല്ലു കിട്ടി. സെക്കന്ദരബാദ് പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലിടുകയും ചെയ്തു. പിന്നെ പാതിരാത്രിയാണ് ഇറക്കിവിട്ടത്.സുധീര്‍ ഒരു കല്ല്യാണം കഴിച്ചു കാണണമെന്ന് വീട്ടുകാര്‍ ആഗ്രഹിച്ച കാലമുണ്ടായിരുന്നു. പക്ഷേ, അയാള്‍ അതിന് വഴങ്ങിയില്ല. എനിക്കൊരു വരുമാനവുമില്ല. എന്റെ ജീവിതം പൂര്‍ണമായി ക്രിക്കറ്റിന് സമര്‍പ്പിച്ചിരിക്കുകയാണ്-സുധീര്‍ പറയുന്നു. സുധീറിന്റെ വാക്കുകളില്‍ അതിശയോക്തി തെല്ലുമില്ല.അപൂര്‍വമായേ സുധീര്‍ വീട്ടില്‍ ഉണ്ടാവാറുള്ളു. എന്നാല്‍, അപ്പോഴൊന്നും അച്ഛനോട് സംസാരിക്കാറില്ല. അച്ഛന്‍ കഴിക്കാനിരിക്കുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് മുറി വിട്ടുപോവും-സുധീര്‍ പറയുന്നു. ക്രിക്കറ്റിനെ കുറിച്ചു പറയുന്നതുപോലെ കുടുംബകാര്യം ചര്‍ച്ച ചെയ്യാന്‍ അത്ര താത്പര്യമില്ല സുധീറിന്. വീടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒട്ടും താത്പര്യം കാണിക്കാതെ മുഖം തിരിക്കും അയാള്‍. ഇത്തരം കാര്യങ്ങളിലൊക്കെ ആള്‍ക്കാര്‍ക്ക് എന്തു താത്പര്യമാണുള്ളതെന്ന ഭാവമാണ് അപ്പോള്‍ അയാളുടെ മുഖത്ത്.കളിത്തിരക്കിലായതിനാല്‍ സുധീര്‍ അയാളുടെ സഹോദരങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല. അമ്മയെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല അയാള്‍. സഹോദരിയെ കുറിച്ച് ചോദിച്ചപ്പോള്‍ നീരസം മുഖത്ത് പ്രകടമായിരുന്നു. അവള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കും. ഞാന്‍ ഫോണ്‍ എടുക്കാറില്ല.-സുധീര്‍ സങ്കോചമില്ലാതെ പറയുന്നു. രക്ഷാബന്ധന്‍ ആകുമ്പോള്‍ വിളിയുടെ ആക്കം കൂടും. എന്നാല്‍, ബന്ധങ്ങള്‍ക്കൊന്നും ഈ സഹോദരന് നേരമില്ല. ഒരു വര്‍ഷം ഞാന്‍ ബംഗ്ലാദേശിലായിരുന്നു. മറ്റൊരിക്കല്‍ ശ്രീലങ്കയില്‍. ഇത്തരം ആഘോഷങ്ങള്‍ക്കൊന്നും എനിക്ക് നേരമില്ല. ഇന്ത്യയിലാണെങ്കിലും ഞാന്‍ ഏതെങ്കിലുമൊരു കളിയിലായിരിക്കും. അല്ലെങ്കില്‍ കളിസ്ഥലത്തേക്കുള്ള യാത്രയില്‍.ആള്‍ക്കൂട്ടത്തിന്റെ കാടന്‍ ശിക്ഷാവിധികള്‍ക്ക് പേരുകേട്ട മുസഫര്‍പുര്‍ പ്രകൃതി അനുഗ്രഹിച്ചൊരു കാര്‍ഷിക പ്രദേശം കൂടിയാണ്. ഈ കൃഷിഭൂമിയില്‍ നിന്നാണ് സുധീറിന്റെ അച്ഛന്‍ നിത്യവൃത്തി കണ്ടെത്തുന്ന്. എന്നാല്‍, അയാളുടെ മൂന്ന് മക്കളും ഈ കൃഷിഭൂമിയിലേയ്ക്ക് വന്നതേയില്ല. മൂത്തയാള്‍ ശിക്ഷാമിത്രയില്‍ അധ്യാപകനായി. ഇളയവന്‍ മാരുതിയില്‍ മെക്കാനിക്ക്. ഇപ്പോള്‍ ഡ്രൈവറാണ്. സുധീറിനാവട്ടെ വരുമാനമാര്‍ഗമൊന്നും ഇല്ലതാനും.മുസഫര്‍പുരിലെ എന്റെ വീട് കണ്ടാല്‍ നിങ്ങള്‍ നാണിച്ചുപോവും. അത്രയും ചെറുതാണത്. പഴകിയ ചുമരുകളും ദ്രവിച്ചുതൂങ്ങിയ മേല്‍ക്കൂരകളുമാണ് അതിനുള്ളത്. മഴവെള്ളം കുത്തിയൊലിച്ച് ഉളളിലേയ്ക്കിറങ്ങും. സിമന്റിലാണ് ഉണ്ടാക്കിയത്. എന്നാല്‍ അതെപ്പേള്‍ നിലംപൊത്തുമെന്ന് അറിയില്ല ഞങ്ങള്‍ക്ക്. ആ വീട്ടില്‍ ഇനി അറ്റകുറ്റപ്പണികളൊന്നും സാധ്യമല്ല. വീട് മുഴുവനായി ഇടിച്ചുനിരത്തി മറ്റൊന്നു പണിയുക മാത്രമാണ് പോംവഴി.സംസാരിച്ചുകൊണ്ടിരിക്കെ സുധീറിന്റെ ഫോണ്‍ ശബ്ദിച്ചു. ഇന്ത്യയില്‍ നിന്നുള്ള കോളാണ്. കുടുംബാംഗങ്ങള്‍ ആരുമായിരുന്നില്ല. അയാളുടെ യാത്ര സ്‌പോണ്‍സര്‍ ചെയ്ത റേഡിയോ സ്‌റ്റേഷനില്‍ നിന്നുള്ള വിളിയായിരുന്നു. ഇതിന് പകരമായി സുധീര്‍ അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്നു. തന്റെ ഫോണിലെടുത്ത ചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കുന്നു. കളിക്കാര്‍ അവരുടെ താമസസ്ഥലത്തേയ്ക്കും മറ്റും പ്രവേശനം അനുവദിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായതിനാല്‍ ഈ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പൊന്നിന്റെ വിലയാണ് സോഷ്യല്‍ മീഡിയയില്‍. അടുത്ത ദിവസത്തേയ്ക്കുള്ള പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് അവര്‍ വിളിച്ചത്.യാത്രയുടെയും താമസത്തിന്റെയും ഭക്ഷണത്തിന്റെയുമെല്ലാം ചിലവ് വഹിക്കാന്‍ ആളുകള്‍ ഉണ്ടെങ്കിലും ഈ യാത്രകള്‍ കൊണ്ട് സുധീര്‍ സാമ്പത്തിക ലാഭമൊന്നും ഉണ്ടാക്കുന്നില്ല. അതൊരിക്കലും തന്റെ ലക്ഷ്യമായിരുന്നില്ലെന്നും പറയുന്നു സുധീര്‍.എനിക്ക് എന്തിനാണ് പണം. ആകെയുള്ളത് കളികള്‍ക്കു വേണ്ടിയുള്ള യാത്രാച്ചിലവാണ്. ട്രെയിനില്‍ ടിക്കറ്റെടുക്കാതെ പോവുകയായിരുന്നു എന്റെ പതിവ്. ഇന്ത്യ ലോകകപ്പ് നേടിയശേഷം ഞാന്‍ കൊല്‍ക്കത്തയ്ക്ക് പോവുകയായിരുന്നു. വഴിയില്‍ ടിക്കറ്റ് ചെക്കര്‍ പിടികൂടി. ഞാന്‍ എന്നെയും സച്ചിന്‍ സാറിനെയും കുറിച്ച് പറഞ്ഞു. അദ്ദേഹം എന്നെ വെറുതെ വിട്ടെങ്കിലും ഒരു ഉപദേശവും തന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്ത് നിങ്ങള്‍ സച്ചിന്റെ പേരാണ് ചീത്തയാക്കുന്നത്. അതിനുശേഷം ഞാന്‍ ട്രെയിനില്‍ ടിക്കറ്റെടുക്കാതിരുന്നിട്ടില്ല.ഒരുതരം ഗോത്ര മനോഭാവം വച്ചുപുലര്‍ത്തുന്നവരാണ് ക്രിക്കറ്റ് ആരാധകര്‍. ഇക്കാര്യത്തില്‍ സുധീറും ഒരപവാദമല്ല. ശ്രീലങ്കയുടെ പേഴ്‌സിയാവട്ടെ, പാകിസ്താന്റെ ബഷീര്‍ ചാച്ചയാവട്ടെ, വെസ്റ്റിന്‍ഡീസിന്റ ഗ്രാവിയാവട്ടെ അയര്‍ലന്‍ഡിന്റെ ലാറിയാവട്ടെ എല്ലാവരും ആരാധകര്‍ക്കിടയില്‍ നേടിയെടുത്ത സ്ഥാനത്തെ കുറിച്ചുള്ള ബോധം കാരണം ഈ ടീമുകള്‍ തങ്ങളുടെ കുടുംബസ്വത്താണെന്ന ധാരണക്കാരാണ്. ഇതിനുവേണ്ടി സ്വന്തം കുടുംബത്തെ കൈയൊഴിഞ്ഞു എന്നത് മാത്രമാണ് ഇവരില്‍ നിന്ന് സുധീറിനെ വ്യത്യസ്തനാക്കുന്നത്.സുധീറിന്റെ ഈ യാത്രയുടെ അന്ത്യം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കുന്നതും കൗതുകകരമാണ്. ഈ ഗ്രഹത്തില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാന്‍ ടീം ഇന്ത്യയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. എനിക്ക് നടക്കാന്‍ കഴിയുന്നിടത്തോളം കാലം ദേഹത്ത് സച്ചി സാറിന്റെ പേരു പേറുകയും ചെയ്യും.ഇതൊരു കെട്ടുകഥയായി തോന്നിയേക്കാം. താന്‍ ഏറ്റെടുത്ത ദൗത്യം കൊടി വീശിയും ശംഖ് മുഴക്കിയും ദേഹത്ത് ചായം പൂശിയും ടീമിനുവേണ്ടി ആര്‍ത്തുവിളിച്ച് എത്ര ഗൗരവത്തോടെയാണ് സുധീര്‍ നിര്‍വഹിക്കുന്നത് എന്നു മനസിലാക്കാന്‍ അച്ഛന്‍ തന്റെ നഷ്ടപ്പെട്ട മകനെ കാത്തിരിക്കുന്ന, ഒരമ്മ ഇപ്പോഴും പരാമര്‍ശിക്കപ്പെടാതെ പോകുന്ന, സഹോദരിയുടെ വിളികള്‍ക്ക് കാതു കൊടുക്കാത്ത, പൊളിഞ്ഞുവീണേക്കാവുന്ന മേല്‍ക്കൂരയുള്ള മുസഫര്‍പുരിലെ ആ കൊച്ചുവീട്ടിലേയ്‌ക്കൊന്ന് നോക്കിയാല്‍ മാത്രം മതി.
No comments: